ന്യൂയോര്‍ക്ക്: യുഎസ്-കാനഡ അതിര്‍ത്തിയില്‍ കൊടുംതണുപ്പില്‍ മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലിബെന്‍ (37), മകള്‍ വിഹാംഗി (11), മകന്‍ ധാര്‍മിക് (3) എന്നിവരെയാണ് അതിര്‍ത്തിയില്‍ നിന്ന് 12 മീറ്റര്‍ അകലെ എമേഴ്‌സണിലെ മാനിടോബയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജനുവരി 12ന് ടൊറന്റോയിലെത്തിയ ഇവര്‍ 18നാണ് എമേഴ്‌സണിലെത്തിയത്. യുഎസിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ആരോ ഇവരെ അതിര്‍ത്തി വരെ കാറിലെത്തിച്ചശേഷം അവിടെ വിട്ടിട്ടുപോയതാണെന്നു കരുതുന്നു.മനുഷ്യക്കടത്തുകാരനെന്നു കരുതുന്ന സ്റ്റീവ് ഷാന്‍ഡ് (47) എന്നയാളെ പിറ്റേ ദിവസം അതിര്‍ത്തിയില്‍ നിന്ന് യുഎസ് ബോര്‍ഡര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 പേരെ കൊണ്ടുപോകാവുന്ന വാനില്‍ നിന്ന് 2 ഇന്ത്യക്കാര്‍ സഹിതമാണ് ഇയാള്‍ അറസ്റ്റിലായത്.
ഷാന്‍ഡിനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്ന സമയത്തു തന്നെയാണ് അതിര്‍ത്തി കടന്ന 5 ഇന്ത്യക്കാരെ കൂടി സമീപത്തുനിന്ന് പിടികൂടിയത്. ഗുജറാത്തികളായ 7 പേരെയും ഇന്ത്യയിലേക്കു തിരിച്ചയയ്ക്കും.
അതിര്‍ത്തി കടന്ന ശേഷം കൂട്ടിക്കൊണ്ടുപോകാന്‍ വരുന്ന ആളെ കാത്തുനില്‍ക്കുകയായിരുന്നു ഇന്ത്യക്കാര്‍. 11 മണിക്കൂര്‍ നടന്നാണ് ഇവിടെയെത്തിയതെന്ന് അവര്‍ പറഞ്ഞു. മറ്റാരുടെയോ ബാഗ് ഒരാളുടെ കൈവശമുണ്ടായിരുന്നതു സംബന്ധിച്ചു ചോദിച്ചപ്പോഴാണ് ഒപ്പം ഒരു കുടുംബം കൂടി ഉണ്ടായിരുന്നെന്നും രാത്രി അവര്‍ കൂട്ടംതെറ്റിപ്പോയെന്നും പറഞ്ഞത്. ബാഗില്‍ കുട്ടികളുടെ ഉടുപ്പും കളിപ്പാട്ടവും മറ്റുമാണുണ്ടായിരുന്നത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്.