റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ചര്‍ച്ച നടത്തി. സൗദിയുടെ നിക്ഷേപ സാധ്യതകള്‍ തുറന്നിട്ട് റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഗ്രൂപ്പിന്റെ സൗദിയിലെ നിക്ഷേപ- റീട്ടെയില്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച യൂസഫലി വാണിജ്യമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും കിരീടാവകാശിയെ അറിയിച്ചു.
സൗദിയില്‍ ഇതോടകം 14 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പ് 2020 ആകുമ്പോഴേക്കും 100 കോടി റിയാല്‍ മുടക്കി 15 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നുണ്ട്. ഇതോടെ ഗ്രൂപ്പിന്റെ സൗദിയിലെ മുതല്‍ മുടക്ക് 200 കോടി റിയാലാകും. ഇതിന് പുറമെ കിങ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ 20 കോടി റിയാല്‍ ചെലവില്‍ അത്യാധുനിക ലോജിസ്റ്റിക് കേന്ദ്രം നിര്‍മിക്കുന്നു. ജീവനക്കാരില്‍ 40 ശതമാനവും സൗദികളാണെന്നും പറഞ്ഞു.
മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ ആഗോള തലത്തിലെ 2000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.