ന്യൂയോര്‍ക്ക് :ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇനി മുതല്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അമേരിക്കന്‍ പൗരത്വം ഇല്ലാത്തവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള അവകാശം ജനുവരി 10 ഞായര്‍ മുതല്‍ നിലവില്‍ വന്നു. ഒരു മാസം മുന്‍പ് ന്യുയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗീകരിച്ച നിയമം പുതിയതായി ചുമതലയേറ്റെടുത്ത മേയര്‍ എറിക്ക് ആംഡംസ് നടപ്പാക്കുന്നതിന് അനുമതി നല്‍കി.
ന്യൂയോര്‍ക്കില്‍ മുപ്പതു ദിവസം താമസിച്ചുവെന്ന രേഖ കൈവശമുള്ളവര്‍ക്ക് ന്യുയോര്‍ക്ക് സിറ്റി, ലോക്കല്‍ ബോര്‍ഡുകള്‍ എന്നിവയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടുരേഖപ്പെടുത്തുന്നതിനു ഇനി തടസ്സമില്ല. അമേരിക്കന്‍ പൗരത്വമില്ലാത്ത 800,000 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
‘ഔവര്‍ സിറ്റി, ഔവര്‍ വോട്ട്’ എന്ന നാമകരണം ചെയ്യപ്പെട്ട പുതിയ നിയമത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തമായ വിമര്‍ശനമാണ് നടത്തുന്നത്.
ഈ ബില്ല് നിയമമാകുന്നതുകൊണ്ട് ആര്‍ക്ക്, എന്തു പ്രയോജനമാണ് ഉണ്ടാകുകയെന്ന് യുഎസ് പ്രതിനിധി നിക്കോള്‍ ചോദിക്കുന്നു. അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രം അവകാശപ്പെട്ട വോട്ടവകാശം, ന്യൂയോര്‍ക്ക് സംസ്ഥാന നിയമം നിഷ്‌കര്‍ഷിക്കുന്ന വോട്ടവകാശം മുപ്പതു ദിവസം ന്യൂയോര്‍ക്കില്‍ താമസിക്കുന്നവര്‍ക്ക് അനുവദിക്കുന്നതിനു ന്യൂയോര്‍ക്ക് സിറ്റി കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.