ന്യുയോര്‍ക്ക്: രാത്രി കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയും വളര്‍ത്തു നായയും അജ്ഞാതന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ജനിഫര്‍ യോനാ (36) എന്ന യുവതിയും നായയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കടയില്‍ കാഷ്യര്‍ക്ക് പണം നല്‍കുമ്പോള്‍ പെട്ടെന്ന് കടയുടെ മുമ്പില്‍ കാര്‍ നിര്‍ത്തി ഓടിയിറങ്ങിയ തോക്കുധാരി ഉതിര്‍ത്ത വെടിയുണ്ടകള്‍ ഇരുവരുടേയും ദേഹത്ത് തറച്ചു കയറുകയായിരുന്നു.
കടയിലെ മറ്റാരേയോ ലക്ഷ്യം വച്ചായിരുന്നു അക്രമി നിറയൊഴിച്ചത്. വെടിയേറ്റു രക്തം വാര്‍ന്നൊലിച്ച് ഇരുവരും കടയില്‍ നിന്നും ഓടി പുറത്തു കടന്നുവെങ്കിലും തളര്‍ന്ന് വീഴുകയായിരുന്നു. നായ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.ഗുരുതരമായി പരുക്കേറ്റ യോനയെ ഉടനെ ബ്രൂക്ക്ലിന്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വെടിവച്ചശേഷം തോക്കുധാരി കാറില്‍ കയറി രക്ഷപ്പെട്ടു. ഫ്രാങ്ക്ലിന്‍ അവന്യുവിനടുത്തായിരുന്നു സംഭവം. ഷോപ്പില്‍ ഉണ്ടായിരുന്ന കാമറയില്‍ സംഭവം വ്യക്തമായി കാണാമായിരുന്നുവെന്നും പൊലിസ് അറിയിച്ചു. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട യോന മൂന്നു ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരുടെ മാതാവായിരുന്നുവെന്ന് ബോയ്ഫ്രണ്ട് കാള്‍ബുഷ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു . കാള്‍ തൊട്ടടുത്ത കടയില്‍ ഉണ്ടായിരുന്നു. ക്യൂന്‍സില്‍ ജനിച്ച യോന ഹെല്‍ത്ത് അറ്റന്റന്റ് ആയിരുന്നുവെന്നു കാള്‍ പറഞ്ഞു.