കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടന്‍ ദിലീപ്. കേസ് അട്ടിമറിക്കാനാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിനു പിന്നിലെന്നും ദിലീപ് ആരോപിച്ചു.
ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്‌സാപ് ഡീറ്റെയ്ല്‍സ് പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുത് എന്നാവശ്യപ്പെട്ട് ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പടെ ദിലീപ് പരാതി നല്‍കി. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്കു പരാതി നല്‍കി.
നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണം വേണമെന്ന പൊലീസിന്റെ ആവശ്യം വിചാരണക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണു നടിയുടെ നീക്കം.
ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണ നടക്കുന്നതിനിടെയാണു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കേസില്‍ പ്രതിയായ ദിലീപിന്റെ കൈവശം ഉണ്ടെന്നും ഇതിനു ഗൂഢാലോചന നടത്തിയതു ദിലീപാണന്നുമാണ് ആരോപണം. ഇതിനെത്തുടര്‍ന്നു വിചാരണ നിര്‍ത്തിവച്ചു കേസില്‍ തുടരന്വേഷണം നടത്തണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നു.
ഇതു കോടതി പരിഗണിക്കാനിരിക്കെയാണു നടി മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതിലെ ആശങ്കയും നടി കത്തില്‍ വ്യക്തമാക്കുന്നു. ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം വിചാരണയ്ക്കിടയില്‍ പുതിയ തെളിവുകള്‍ പുറത്തു വന്നാല്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണം ആവശ്യപ്പെടാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥനുണ്ട്.