ഡാലസ് :മണ്ഡല വ്രതാരംഭത്തില്‍ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രിധര്‍മശാസ്താ സന്നിധിയില്‍ ഡിസംബര്‍ 26 ഞായറാഴ്ച നടത്തപെട്ട മഹാ മണ്ഡലപൂജ ഭക്തിസാന്ദ്രമായി.
അതിരാവിലെ ആരംഭിച്ച ഗണപതി ഹോമത്തോടെ പൂജാദി കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു. വൃതാനുഷ്ഠാനങ്ങോളോടെമുദ്ര മാല അണിഞ്ഞ അനേകം അയ്യപ്പന്മാരും, മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടികെട്ടുകള്‍ നിറച്ചു. ഗുരുസ്വാമി ഗോപാല പിള്ള, ഇരുമുടികെട്ടുകള്‍ നിറയ്ക്കാനും, കെട്ടുമുറുക്കിനും നേതൃത്വം നല്‍കി. പുലര്‍ച്ചെ മുതല്‍ ശരണം വിളികളാല്‍ മുഖരിതമായ ക്ഷേത്രത്തിലെ സ്പിരിച്ചല്‍ ഹാളില്‍, ഇരുമുടി കെട്ടുനിറയില്‍ പങ്കെടുക്കുവാന്‍ അനേകം ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ഈവര്‍ഷം നൂറോളം അയ്യപ്പന്മാരാണ് ഡാലസ് ശ്രീഗുരുവായൂരപ്പാന്‍ ക്ഷേത്രത്തില്‍ ഇരുമുടികെട്ടുകള്‍ നിറച്ചത്.
ക്ഷേത്രത്തിനുള്ളിലെ കലശ പൂജകളും, വിഗ്രഹഅലങ്കാരങ്ങളും, ക്ഷേത്ര പൂജാരികളായ,വടക്കേടത്ത് ഗിരീശന്‍ തിരുമേനിയും, ഉണ്ണികൃഷ്ണന്‍ തിരുമേനിയും, വിനേഷ് തിരുമേനിയും നിര്‍വഹിച്ചു.
സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ക്ഷേത്രത്തില്‍ 41 ദിവസവും തുടര്‍ന്നു പോന്നിരുന്ന അയ്യപ്പ ഭജന, മണ്ഡല കാലത്തെ ഭക്തിയുടെ പാരമ്യത്തില്‍ എത്തിച്ചു.