തിരുവനന്തപുരം: ഗായകൻ എം.ജി. ശ്രീകുമാറിനെ സംഗീതനാടക അക്കാദമി ചെയർമാനായി നിയമിക്കാനുള്ള തീരുമാനത്തിനെതിരേ ഇടതുപക്ഷത്തെ കലാ സാംസ്‌കാരിക പ്രവർത്തകർ രംഗത്ത്. ബി.ജെ.പി. ചായ്വുള്ള ശ്രീകുമാറിനെ സംഗീതനാടക അക്കാദമി നേതൃത്വം എൽപ്പിക്കുന്നത് എന്തിനെന്നാണ് സാമൂഹികമാധ്യമങ്ങളിലൂടെ അവർ ഉയർത്തുന്ന ചോദ്യം. വിവാദം കനത്തതോടെ സർക്കാർ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്ന വിശദീകരണമാണ് മന്ത്രി സജി ചെറിയാൻ നൽകിയത്.
സി.പി.എം. പാർട്ടി സെക്രട്ടേറിയറ്റിലാണ് നടനും സംവിധായകനുമായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷനായും എം.ജി. ശ്രീകുമാറിനെ സംഗീതനാടക അക്കാദമി അധ്യക്ഷനായും നിയമിക്കാൻ ധാരണയായത്. ഇതേപ്പറ്റിയുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
എഴുത്തുകാരിയായ ശാരദക്കുട്ടി, കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എന്നിവരൊക്കെ നിയമനത്തെ ചോദ്യംചെയ്തിരുന്നു. 2016-ൽ വി. മുരളീധരൻ കഴക്കൂട്ടത്ത് മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തത് എം.ജി. ശ്രീകുമാറാണ്. അന്ന് കഴക്കൂട്ടത്ത് താമര വിരിയുമെന്ന് എം.ജി. ശ്രീകുമാർ പ്രഖ്യാപിച്ചത് സംബന്ധിച്ച വാർത്തയും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.