അമേരിക്ക: ഒറിഗണ്‍ സ്റ്റേറ്റിലെ പോര്‍ട്ലാന്‍ഡ് അറിയപ്പെടുന്നത് റോസ് സിറ്റിയെന്നാണ്. ഈ പേരിനെ അന്വര്‍ഥമാക്കുന്നതാണ് കോട്ടയം പാലാ സ്വദേശിനി ലിന്നി തറപ്പേലിന്റെ പോര്‍ട്ലാന്‍ഡിലെ വീട്. ചെത്തി, ചെമ്പരത്തി, ബന്ദി, മുല്ല അടക്കം കേരളത്തിലെ മിക്ക പൂക്കളും ലിന്നിയുടെ വീട്ടുമുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായ കരോലിന റിപ്പര്‍ മുതല്‍ വിവിധ തരത്തിലുള്ള മുളകുകളും നാടന്‍ കാന്താരിയും വരെ വീട്ടിലുണ്ട്.
മുന്തിരി, പ്ലം, ആപ്പിള്‍ അടക്കമുള്ള പഴവര്‍ഗ്ഗങ്ങളും സുലഭം. കറിവേപ്പില, ചീര, തക്കാളി, വെണ്ട, ക്യാരറ്റ്, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങി വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം വീട്ടുമുറ്റത്ത് വളര്‍ത്തുന്നു
യുഎസില്‍ നഴ്‌സായ പാലാ സ്വദേശിനി ലിന്നിയും ഭര്‍ത്താവ് തൊടുപുഴ സ്വദേശി ഫ്രാന്‍സിസ് തറപ്പേലും പത്തുവര്‍ഷം മുന്‍പാണ് പോര്‍ട്ലാന്‍ഡില്‍ സ്ഥലം വാങ്ങിയത്. കൃഷി ചെയ്യാന്‍ ആവശ്യമായ സ്ഥലം ഒഴിച്ചിട്ടിട്ടായിരുന്നു വീടിന്റെ നിര്‍മാണം. നാടനും വിദേശ ഇനങ്ങളുമായി ധാരാളം പച്ചക്കറികളും ചെടികളും ഈ വീടിന്റെ മുറ്റത്ത് നട്ടുവളര്‍ത്തിയിട്ടുണ്ട്.
ലിന്നിയും ഭര്‍ത്താവും ചേര്‍ന്നാണു പച്ചക്കറികളും ചെടികളും പരിപാലിക്കുന്നത്. പലതരത്തിലും നിറത്തിലുമുള്ള മുളകുകള്‍ അന്‍പതിലധികം ചട്ടികളില്‍ വളര്‍ത്തുന്നുണ്ട്. ഇന്റലില്‍ എന്‍ജിനീയറായ ഫ്രാന്‍സിസിന് മുളകുകൃഷിയില്‍ പ്രത്യേക താത്പര്യമുണ്ട്.
ജൈവവളവും വീട്ടില്‍ നിര്‍മിക്കുന്ന കമ്പോസ്റ്റും ഉപയോഗിച്ചാണു കൃഷി. ആവശ്യമായ വളവും വിത്തും പ്രാദേശികമായി ലഭ്യമാണ്. ചില വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാറുണ്ട്. കൃഷിക്കാവശ്യമുള്ള മണ്ണ് (പ്ലാന്റിങ് മിക്‌സ്) വാങ്ങുകയാണ്. ഇത് ട്രക്കില്‍ കൊണ്ടുവന്ന് വീട്ടുമുറ്റത്ത് ഇറക്കും. മണ്ണ് രണ്ടു വര്‍ഷം കൂടുമ്പോള്‍ മാറ്റും. നനയ്ക്കാന്‍ സ്പ്രിങ്കളര്‍ സെറ്റ് ചെയ്തിട്ടുണ്ട്. നാടിനെ അപേക്ഷിച്ച് കീടങ്ങളുടെ ശല്യം ഇവിടെ കുറവാണെന്നു ലിന്നി പറയുന്നു. സീസണ്‍ അനുസരിച്ചാണു പച്ചക്കറികള്‍ നടുന്നത്. ചില ചെടികള്‍ തണുപ്പിനെ അതിജീവിക്കും. മഞ്ഞുകാലം ആകുമ്പോള്‍, ചട്ടിയില്‍ നില്‍ക്കുന്ന കറിവേപ്പ്, മുല്ല തുടങ്ങിയവ വീടിനുള്ളിലേക്കു മാറ്റും. വേനല്‍ക്കാലത്ത് ഈര്‍പ്പം നിലനിര്‍ത്താന്‍ ബാര്‍ക്ക്ഡസ്റ്റ് (മരപ്പൊടി) ഇട്ടുകൊടുക്കാറുണ്ട്.