പത്തനംതിട്ട: സിപിഎം ഏരിയാ സമ്മേളനത്തില്‍ മന്ത്രി വീണാ ജോര്‍ജിനെ നിര്‍ത്തിപ്പൊരിച്ച് സമ്മേളന പ്രതിനിധികള്‍. സത്യപ്രതിജ്ഞ മുതല്‍ മന്ത്രിയുടെ പ്രവര്‍ത്തന ശൈലി വരെ വിമര്‍ശന വിധേയമായി. ബിജെപിയില്‍ നിന്ന് വന്ന് സിപിഎമ്മില്‍ ആളാകാന്‍ നോക്കുന്നുവെന്ന ആക്ഷേപം ഏരിയാ കമ്മറ്റി അംഗം എ.ജി. ഉണ്ണികൃഷ്ണന് എതിരേയും ഉയര്‍ന്നു.
ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങളില്‍ നിര്‍ത്തിയിടത്തു നിന്നാണ് മന്ത്രി വീണയ്ക്ക് എതിരായ വിമര്‍ശനം ഏരിയാ സമ്മേളനത്തില്‍ തുടങ്ങിയത്. ഇലന്തൂരിലാണ് സമ്മേളനം നടക്കുന്നത്. ഇന്ന് തുടങ്ങി വച്ച ചര്‍ച്ചകള്‍ നാളെയും തുടരും. പത്തനംതിട്ട നഗരസഭയില്‍ നിന്നുള്ള പ്രതിനിധികളാണ് വീണയ്ക്ക് എതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.
നഗരസഭയിലെ ഒരു കൗണ്‍സിലര്‍ ആണ് വീണ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വീണാ ജോര്‍ജിന് മാത്രമായി ഇളവ് അനുവദിച്ച സാഹചര്യം മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും മന്ത്രി അകന്നു പോയി. ജില്ലാ നേതാക്കള്‍ വിളിച്ചാല്‍ പോലും മന്ത്രി ഫോണ്‍ എടുക്കുന്നില്ല. മന്ത്രി എവിടെയാണ് ഉള്ളതെന്ന് അറിയാന്‍ മറ്റു പാര്‍ട്ടിക്കാരെ വിളിക്കേണ്ട ഗതികേടാണുള്ളത്. ജില്ലാ നേതാക്കളുടെ മിസ്‌കാള്‍ കണ്ടാല്‍ പോലും തിരിച്ചു വിളിക്കാറില്ല. നഗരസഭയില്‍ മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ സ്വന്തം പാര്‍ട്ടിക്കാരനായ നഗരസഭാധ്യക്ഷന് പ്രതിനിധ്യം ലഭിക്കുന്നില്ല.
ജില്ലാ ആസ്ഥാനത്ത് സിപിഎം നേതാക്കളില്‍ നിന്ന് അകന്ന് സിപിഐക്കാരുമായിട്ടാണ് മന്ത്രിക്ക് കൂട്ട്. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യമന്ത്രി എന്നതിനപ്പുറം ആറന്മുളയിലെ എം.എല്‍.എയാണ് വീണയെന്ന കാര്യം മറക്കരുത്. ഏരിയാ കമ്മറ്റിയംഗമായതിനാല്‍ വീണയും സമ്മേളന പ്രതിനിധിയാണ്.
ബിജെപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം സിപിഎമ്മിലേക്ക് ചേക്കേറി ഏരിയാ കമ്മറ്റിയംഗമായ എ.ജി. ഉണ്ണികൃഷ്ണനെയും പ്രതിനിധികള്‍ പഞ്ഞിക്കിട്ടു. പാര്‍ട്ടി പരിപാടികള്‍ക്കൊന്നും ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുന്നില്ല. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ അംഗമായ ഉണ്ണികൃഷ്ണന്‍ കോര്‍പ്പറേഷന്റെ കാറില്‍ കറങ്ങി സ്വന്തം സഹകരണ സംഘം വളര്‍ത്തുകയാണ് ചെയ്യുന്നത്. സമ്മേളനത്തോട് അനുബന്ധിച്ച് പാര്‍ട്ടി പത്രം പുറത്തിക്കിയ സപ്ലിമെന്റില്‍ നിന്ന് ഉണ്ണികൃഷ്ണന്റെ ചിത്രം ഒഴിവാക്കിയിരുന്നു.