മസ്‌കത്ത് :ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം ആരംഭിച്ചു. ദോഹയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സുല്‍ത്താനെ വരവേറ്റു. ഇന്നും നാളെയുമായാണ് സുല്‍ത്താന്റെ ഖത്തര്‍ സന്ദര്‍ശനം. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തും.
ഒമാനും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന സഹകരണം ചര്‍ച്ചയില്‍ വിലയിരുത്തും. പരസ്പരം താത്പര്യമുള്ള മേഖലകളിലെ വിവിധ വിഷയങ്ങളിലും ഇരുവരും ചര്‍ച്ച നടത്തും. വിവിധ സഹകരണ കരാറുകളിലും ഒപ്പുവയ്ക്കും.
പ്രതിരോധ വിഭാഗം ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദി. റോയല്‍ ഓഫിസ് മന്ത്രി ലെഫ്. ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി, ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം ബിന്‍ അബ്ദുല്ല അല്‍ മുര്‍ശിദി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മുര്‍ശിദി, തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബിന്‍ അലി ബഔവിന്‍, ഖത്തറിലെ ഒമാന്‍ അംബാസഡര്‍ നജീബ് ബിന്‍ യഹ്യ അല്‍ ബലൂശി എന്നിവര്‍ സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്.