ദുബായ്: ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങിയ ‘വാരിയംകുന്നന്‍’ എന്ന സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടന്‍ പൃഥ്വിരാജ്. താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ലെന്നും അവരാണ് അതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ്, മമത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഛായാഗ്രഹകന്‍ രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമം എന്ന ചിത്രം യുഎഇയില്‍ റിലീസാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. തന്റെ വ്യക്തിജീവിതത്തിനും പ്രഫഷനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേരെ സൗകര്യപൂര്‍വം കണ്ണടയ്ക്കുകയും കേള്‍ക്കാതിരിക്കുകയുമാണ് ചെയ്യാറ്.എന്റെ ജീവിതവും തൊഴില്‍മേഖലയും അതാണ് എന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ വന്നത് എല്ലാ നിലയ്ക്കും ഗുണകരമാണ്. തിയറ്ററില്‍ സിനിമ കാണുമ്പോഴുള്ള ആസ്വാദനം ലഭിക്കില്ലെങ്കിലും രാജ്യാന്തര തലത്തില്‍ മലയാളസിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സന്തോഷകരമാണ്. ഒടിടി വന്നപ്പോള്‍ മാത്രമല്ല, അതിന് മുന്‍പും മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.
ആശിഷ് ഖുറാന, തബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്റെ മലയാളം റിമേക്കാണ് ഭ്രമം. ലൂസിഫര്‍ ഷൂട്ട് നടന്നുകൊണ്ടിരുന്നപ്പോള്‍ നടന്‍ വിവേക് ഒബ്‌റോയിയാണ് ഈ ചിത്രം കാണാനും മലയാളത്തില്‍ നിര്‍മിക്കാനും പ്രേരിപ്പിച്ചത്. തിരക്കുകള്‍ കഴിഞ്ഞ് ചിത്രം കണ്ടപ്പോള്‍ ഏറെ ഇഷ്ടമായി. എന്നാല്‍, റിമേക്ക് അവകാശം വില്‍ക്കാന്‍ നിര്‍മാതാക്കള്‍ക്ക് തടസ്സങ്ങളുണ്ടായിരുന്നു. പിന്നീട് ഈ ചിത്രം എന്നിലേയ്ക്ക് തന്നെ വന്നുചേര്‍ന്നു. മലയാളി ലോകത്തേയ്ക്ക് വളരെ ഭംഗിയായി അന്ധാദുനിനെ പറിച്ചുനടാന്‍ സാധിച്ചതിന് പിന്നില്‍ ഭ്രമത്തിന്റെ രചയിതാവ് ശരത്, സംവിധായകന്‍ രവി കെ.ചന്ദ്രന്‍ എന്നിവരുടെ കഠിനപ്രയത്‌നമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
അന്ധാദുന്‍ എന്ന ചിത്രത്തെക്കാളും പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമായിരിക്കും ഭ്രമമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. പൃഥ്വിരാജിന് ഈ ചിത്രത്തോടുണ്ടായിരുന്ന ആവേശം കണ്ടതുമുതല്‍ ഞാനും ആവേശത്തിലായിരുന്നു. ഭ്രമം വളരെ മികച്ച ചിത്രമായി മാറിയതില്‍ സന്തോഷമുണ്ട്. രണ്ട് വര്‍ഷം കോവിഡ്19 കൊണ്ടുപോയെങ്കിലും സിനിമയില്‍ ഇതെന്റെ പത്താമത്തെ വര്‍ഷമാണ്. ആദ്യമായാണ് പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഫോറന്‍സികിന് ശേഷം പുറത്തിറങ്ങുന്ന തന്റെ ചിത്രം തിയറ്ററില്‍ റിലീസാകുന്നതില്‍ സന്തോഷമുണ്ടെന്നും അതിന് സാധിച്ചത് ആ ചിത്രത്തിന്റെ നിയോഗമാണെന്നും നടി മമതാ മോഹന്‍ദാസ് പറഞ്ഞു. രവി കെ.ചന്ദ്രന്‍ സംവിധാനം ചെയ്യുന്നതും അന്ധാദുന്‍ ഏറെ ഇഷ്ടമായതുമാണ് ഭ്രമത്തിലേയ്ക്ക് എന്നെ ആകര്‍ഷിച്ചത്. തബുവിന്റെ വലിയ ആരാധികയാണ്. അന്ധാദുനില്‍ തബു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വ്യത്യസ്ത രീതിയിലാണെന്നും മമത പറഞ്ഞു.
സംവിധായകന്‍ രവി കെ.ചന്ദ്രന്‍, എപി ഇന്റര്‍നാഷനല്‍ മാനേജിങ് പാര്‍ട്ണര്‍ സഞ്ജയ് വാധ്വ, ആര്‍ജെ അര്‍ഫാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ ആമസോണ്‍ പ്രൈമിനോടൊപ്പം നാളെയാണ് ചിത്രം യുഎഇ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുക. ഗോള്‍ഡന്‍ സിനിമാസാണ് വിതരണം. കോവിഡ്19 വ്യാപനത്തെത്തുടര്‍ന്നുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മലയാള ചിത്രമാണിത്.