പത്തനംതിട്ട: ജില്ലയില്‍ കേരളാ കോണ്‍ഗ്രസി(എം)ല്‍ വന്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാക്കളില്‍ പലരും പാര്‍ട്ടി വിട്ടുവെന്നാണ് സൂചന. ബുധനാഴ്ച ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് അടക്കമുള്ള വിഭാഗത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ചില നേതാക്കള്‍ ഇറങ്ങിപ്പോയി. ഇവര്‍ രാജി പ്രഖ്യാപനവും നടത്തിയെന്നാണ് അറിയുന്നത്. വിവരമറിഞ്ഞ ചെയര്‍മാന്‍ ജോസ് കെ. മാണി അനുനയ നീക്കവുമായി രംഗത്തു വന്നെങ്കിലും നേതാക്കള്‍ വഴങ്ങിയിട്ടില്ല.
ജില്ലാ പ്രസിഡന്റ് എന്‍എം രാജു പാര്‍ട്ടിയെ ഹൈജാക്ക് ചെയതുവെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്നുവെന്നുമാണ് പ്രധാന ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഉടലെടുത്ത അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയില്‍ എത്തി നില്‍ക്കുന്നത്. റാന്നിയില്‍ സീറ്റ് നോക്കി വച്ചിരുന്ന രാജു അത് കിട്ടാതെ വന്നപ്പോള്‍ എല്‍ഡിഎഫിനെതിരായി പ്രവര്‍ത്തിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. റാന്നിയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ തനിക്ക് ഇഷ്ടമില്ലാത്തത് ചോദ്യം ചെയ്തതിന് രണ്ടു നേതാക്കള്‍ ജില്ലാ പ്രസിഡന്റും സംഘവും ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു.
പാര്‍ട്ടിക്കും മുന്നണിക്കും വിരുദ്ധമായുള്ള രാജുവിന്റെയും കൂട്ടരുടെയും നീക്കം യഥാസമയം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയെ അറിയിച്ചിരുന്നു. എന്നാല്‍, ഒരു നടപടിയും എടുത്തില്ല. ഇതോടെ കൂടുതല്‍ ധാര്‍ഷ്ട്യം ജില്ലാ പ്രസിഡന്റിനുണ്ടായി എന്ന ആരോപണം ശക്തമാണ്.
വരും ദിനങ്ങളില്‍ ജില്ലാ പ്രസിഡന്റിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും പുറത്തു വരുന്നു. ജില്ലാ കമ്മറ്റിയോഗത്തില്‍ നടന്നത് അതിന്റെ ഡ്രസ് റിഹേഴ്സല്‍ ആണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.