ഡാളസ്: വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്യുഎച്ച്ഒ) കാൻസർ കൺസൽട്ടന്റായി നിയമിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ ഓങ്കോളജിസ്റ്റും ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ ക്യാൻസർ ട്രീറ്റ്‌മെന്റ് റിസർച്ച് സംഘടനാ പ്രസിഡന്റും അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ് ഹോണററി അംഗവുമായ ഡോ. എം. വി. പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, നോർത്ത് ടെക്‌സസ് ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ അഭിനന്ദിച്ചു.
ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തിൽ ഈ സ്ഥാനം അലങ്കരിക്കുന്നതിനു നിയമിതനായ ആദ്യ അമേരിക്കൻ മലയാളിയാണ് ഡോ. എം. വി. പിള്ള എന്നു മാളിയേക്കൽ പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന ഡോ. പിള്ള റീജിയണൽ കാൻസർ സെന്റർ ഗവേണിങ്ങ് ബോഡി മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടത് പ്രത്യേകം ശ്ലാഘനീയമാണ്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കാൻസർ രോഗചികിത്സക്കുള്ള അത്യാധുനിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനു ലോകാരോഗ്യ സംഘടന ക്.ാൻസർ കൺസൽട്ടന്റായി നിയമിക്കപ്പെട്ട ഡോ. പിള്ളക്ക് കഴിയട്ടെ എന്നും സണ്ണി ആശംസിച്ചു.