മലപ്പുറം: കെടി ജലീല്‍ ബിജെപിയിലേക്ക് പോവുകയാണോ? ഇങ്ങനെ ഒരു സംശയം പലയിടത്തു നിന്നും ഉയരുന്നു. മന്ത്രിയായിരിക്കേ സ്വര്‍ണ കടത്ത്, ഖുറാന്‍ കടത്ത് കേസുകളില്‍ തലയില്‍ മുണ്ടിട്ട് ഇഡി ഓഫീസില്‍ പോയ പാര്‍ട്ടിയാണ് ജലീല്‍. അദ്ദേഹത്തിന് ഇപ്പോള്‍ ഇഡിയോട് വല്ലാത്ത പ്രേമം. ഈ പ്രേമം കണ്ടിട്ടാണ് ഇങ്ങനെ ഒരു സംശയം ഉയരുന്നത്. ഇഡിയോടുള്ള ജലീലിന്റെ അടുപ്പം അത്ര കണ്ട് പിടിച്ചിട്ടില്ല പിണറായിക്ക്. എന്നാലും നാളെ ഇഡിയുടെ മുന്നില്‍ ഹാജരാകാന്‍ തന്നെയാണ് മുന്‍മന്ത്രിയുടെ തീരുമാനം.
ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ തെളിവുകള്‍ കൈമാറുന്നതിനായി നാളെ കെ ടി ജലീല്‍ ഇഡിക്ക് മുന്നില്‍ ഹാജരാവും. ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജലീലിന് ഇ ഡി നോട്ടിസ് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഹാജരാവുന്നതെന്നും ഏഴ് തെളിവുകള്‍ കൈമാറുമെന്നും ജലീല്‍ അറിയിച്ചു.
അതേസമയം, എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നണിയില്‍ ഒറ്റപ്പെടുന്ന നിലയിലാണ് കെ ടി ജലീല്‍.കള്ളപ്പണ നിക്ഷേപം ഇഡി അന്വേഷിക്കണമെന്ന ആവശ്യത്തെ ഇന്നലെ മുഖ്യമന്ത്രി തള്ളിയിരുന്നു. അതിനുപിന്നാലെ ഇന്ന് സഹകരണ മന്ത്രി വാസവനും ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്റ് ചെയ്തിട്ടുന്തെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ കെ ടി ജലീലിനെ നേരിട്ട് വിളിച്ച് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിലുള്ള അതൃപ്തി അറിയിച്ചുവെന്നാണ് സൂചന.
ഇ ഡി ചോദ്യം ചെയ്തതോടെ ജലീലിന് ഇ ഡിയില്‍ വിശ്വാസം കൂടിയെന്ന് പരിഹസിച്ചുകൊണ്ടാണ് ജലീലിനെ മുഖ്യമന്ത്രി ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞത്. ഇതിന് തൊട്ടുപിന്നാലെ ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചിരുന്നു. ‘മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും അദ്ദേഹത്തിനുണ്ടെന്നും ജലീല്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു.