തിരുവനന്തപുരം:70ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ കുറിച്ച് ഇതിലും അര്‍ത്ഥവത്തായ ഒരു പ്രയോഗമുണ്ടോ എന്നത് സംശയമാണ്. മലയാളക്കരയിലെ പുരുഷ സൗന്ദര്യത്തിന്റെ അവസാന വാക്കാണ് മമ്മൂട്ടി എന്ന പേര്. ശബ്ദഗാംഭീര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ലോകത്തെ അമ്പരപ്പിച്ച പ്രതിഭാധനന്‍.
വെള്ളിത്തിരയിലെ അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചകളിലൂടെ അമ്പതാണ്ടായി തുടരുന്ന ദൃശ്യവിസ്മയമാണ് മലയാളിക്ക് മമ്മൂട്ടി. മലയാള സിനിമ ഒ.ടി.ടിയില്‍ എത്തിയ കാലത്തു പോലും പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി സജീവമാണ്. സ്വന്തം മകന്‍ അടക്കം മലയാളം സിനിമയില്‍ രംഗത്തിറങ്ങിയപ്പോഴും ഇവിടെ മമ്മൂട്ടിയെന്ന താരരാജാവിന്റെ സ്ഥാനം അവിടെ തന്നെ ഇളക്കം തട്ടാതെയുണ്ട്. മലയാള സിനിമയുടെ ബോക്സ് ഓഫീസിനെ ഇന്നും ചലിപ്പിക്കുന്നത് മോഹന്‍ലാല്‍- മമ്മൂട്ടി അച്ചുതണ്ടു തന്നൊണ്.’അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളത’! മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ലോക പ്രശസ്ത നിരൂപകന്‍ ഡെറിക്ക് മാല്‍ക്കം എഴുതിയത് ഇങ്ങനെയാണ്. മമ്മൂട്ടി ഇന്ന് ലോകം ശ്രദ്ധിക്കുന്ന നടനാണ്.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ഒരു ജന്മദിനം കൂടി പിന്നിടുകയാണ്. ഓര്‍ക്കണം, ഇന്നും സ്‌ക്രീനില്‍ യുവ കോമളനായി വിലസുന്ന ഈ മനുഷ്യന് ഇപ്പോള്‍ 70 വയസ്സായിരിക്കയാണ്. ശരാശരി മലയാളി വാര്‍ധക്യത്തിന്റെ ജരാനരകളും, ജീവിതശൈലീ രോഗത്തിന്റെ മരുന്നുമണവുമായി വിശ്രമ ജീവിതം നയിക്കുമ്പോള്‍ ഈ മനുഷ്യന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ചിട്ടയായും ശ്രദ്ധയോടെയും ജീവിച്ചാല്‍ ഇതൊന്നും ഒരു പ്രായമല്ലെന്ന്. പ്രായം കൂടി വരുമ്പോഴും യുവത്വവും സൗന്ദര്യവും കൂടുന്ന ലോകത്തിലെ ഏക അത്ഭുതം എന്നാണ് ചിലര്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കാറ്.
പക്ഷേ ശരാശരി മലയാളിയുടെ കൃമി കടി പലതവണ മമ്മൂട്ടിക്കും സോഷ്യല്‍ മീഡിയയില്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് പ്രായവുമായി ബന്ധപ്പെടുത്തി തന്നെയാണ്. ഒരാള്‍ തന്റെ തൊഴില്‍ ചെയ്യാന്‍ മാനസികവും ശാരീകവുമായി സജ്ജനാണെങ്കില്‍ അതിന് പ്രായപരിധിവെക്കാന്‍ നിങ്ങള്‍ ആരാണ്? മാത്രമല്ല തിരിച്ച് ചിന്തിച്ചുനോക്കൂ. 70ാം വയസ്സിലും ഊര്‍ജസ്വലമായ മമ്മൂട്ടി എതൊരാള്‍ക്കും എന്തൊരു ആത്മവിശ്വാസമാണ് നല്‍കുന്നത്. അറുപതു കഴിഞ്ഞാല്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന മട്ടില്‍ മരണ ഭീതിയിലാണോ നാം ജീവിക്കേണ്ടത്. പക്ഷേ ഇതൊന്നും കാര്യമാക്കുന്ന വ്യക്തിയല്ല മമ്മൂട്ടി. കാരണം ഇതിനേക്കാള്‍ വലിയ അപമാനങ്ങളിലൂടെ കടന്നുവന്ന് തന്റെ കസേര വലിച്ചിടുകയാണ് ചെയ്തത്. ചാന്‍സ് ചോദിച്ച് ചെരുപ്പു തേഞ്ഞും, കോടമ്പോക്കത്തെ പെപ്പിലെ വെള്ളം കുടിച്ച് വിശപ്പുമാറ്റിയുമൊക്കെ തന്നെ പടിപടിയായി കയറിവന്ന നടനാണ് അദ്ദേഹം. തന്റെ ജീവിതത്തിലെ കഷ്ടപ്പാടിന്റെ കാലം മമ്മൂട്ടി അധികം പുറത്തുപറഞ്ഞിട്ടില്ല എന്നുമാത്രം.