പുതുക്കുളങ്ങര പള്ളിയോടത്തില്‍ ഷൂസിട്ട് കയറി സീരിയല്‍ നടി നിമിഷ ബിജോ: ഇപ്പോള്‍ എയറില്‍ തുഴയില്ലാതെ തുഴയുന്നു

17 second read

ചെങ്ങന്നൂര്‍: ആറന്മുള പള്ളിയോടത്തില്‍ ഷൂസിട്ട് കയറിയ സീരിയല്‍ നടിയും മോഡലുമായ നിമിഷ ബിജോ ഇപ്പോള്‍ എയറില്‍ തുഴയില്ലാതെ തുഴയുകയാണ്.
കഴിഞ്ഞ ദിവസം ഓതറ പുതുക്കുളങ്ങര പള്ളിയോടത്തിലായിരുന്നു ചാലക്കുടി സ്വദേശി നിമിഷയുടെ ഫോട്ടോ ഷൂട്ട്. തൊട്ടുപിന്നാലെ ഇന്‍സ്റ്റാഗ്രാമിലും ഫേസ് ബുക്കിലും നിമിഷ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. വിദേശത്തുള്ള പുതുക്കുളങ്ങരക്കാര്‍ ചിത്രം കണ്ട് നാട്ടിലുള്ളവര്‍ക്ക് അയച്ചു കൊടുത്തതോടെയാണ് വിവാദം ഉയര്‍ന്നത്.

ആചാരാനുഷ്ഠാനങ്ങളോടെ പുരുഷന്മാര്‍ മാത്രം കയറുന്നതാണ് പള്ളിയോടം. ഇതില്‍ കയറുന്നവര്‍ക്ക് കര്‍ശന വൃത നിഷ്ഠകളുണ്ട്. ഭഗവദ് കീര്‍ത്തനങ്ങള്‍ ഉരുവിട്ടു കൊണ്ട് പാദരക്ഷകള്‍ ഉപേക്ഷിച്ച് വേണം പള്ളിയോടത്തില്‍ കയറുവാന്‍. ഈ ആചാരമാണ് നിമിഷ ലംഘിച്ചത്. മാലിപ്പുരയില്‍ സൂക്ഷിച്ചിരുന്ന പളളിയോടത്തില്‍ മോഡേണ്‍ ഡ്രസും ഷൂസും ധരിച്ചാണ് നിമിഷ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അടഞ്ഞു കിടക്കുന്ന ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ പുറം തിരിഞ്ഞു നിന്ന് എടുത്തതാണ് മറ്റൊരു ചിത്രം. ഈ ചിത്രത്തിലെ കോസ്റ്റിയൂം സെറ്റ് സാരിയാണ്.

പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം ആദിപമ്പയുടെ കരയിലാണ് പളളിയോടം മാലിപ്പുരയില്‍ സൂക്ഷിച്ചിരിക്കുന്നത്. അധികം ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് മാലിപ്പുര. ഇവിടെ ഫോട്ടോ ഷൂട്ട് നടന്ന കാര്യം അതു കൊണ്ടു തന്നെ ആരും അറിഞ്ഞതുമില്ല. പുതുക്കുളങ്ങര പഴയ പളളിയോടത്തിലാണ് നിമിഷ കയറിയത്. പുതിയ പള്ളിയോടം നിര്‍മിച്ചു കൊണ്ടിരിക്കുകയുമാണ്.

പള്ളിയോട മാലിപ്പുരയെന്നത് കരക്കാരുടെ സ്വകാര്യ സ്വത്താണ്. അവിടെ അതിക്രമിച്ചു കയറി എന്നതാണ് നിമിഷയുടെയും സംഘത്തിന്റെയും ആദ്യ വീഴ്ച. സാധാരണ സ്ത്രീകള്‍ കയറുന്ന സ്ഥലമല്ല പള്ളിയോടം. ഇതിന് പുറമേ ചെരുപ്പിട്ടും കയറി എന്നതാണ് കരക്കാരുടെ രോഷം. ആന ഉടമയായ പുലിയൂര്‍ സ്വദേശി ഉണ്ണി എന്നയാളാണ് നിമിഷയെയും കാമറാ സംഘത്തെയും പള്ളിയോടത്തില്‍ എത്തിച്ചതെന്ന് പറയുന്നു. ഇയാളുടെ ആനയെയും ഷൂട്ടിങ്ങിന് ഉപയോഗിച്ചു.

അതേ സമയം അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് നിമിഷ പ്രതികരിച്ചു. സംഭവത്തില്‍ വിശ്വാസികള്‍ക്കും കരക്കാര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു. തെറ്റ് മനസിലായതിനെ തുടര്‍ന്ന് നവമാധ്യമങ്ങളില്‍ നിന്ന് ഈ ചിത്രങ്ങള്‍ നിമിഷ പിന്‍വലിച്ചു. ഓണത്തിന് മുന്‍പാണ് ഫോട്ടോ ഷൂട്ട് നടന്നത്. നിമിഷയ്‌ക്കെതിരേ പള്ളിയോട സേവാസംഘവും ബിജെപിയും പൊലീസില്‍ പരാതി നല്‍കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …