ഹൂസ്റ്റന്‍: ഐഡ ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങളാലും വൈദ്യുതി നഷ്ടപ്പെട്ടും ദുരിതത്താല്‍ വിറങ്ങലിച്ച് ന്യൂയോര്‍ക്ക് പ്രദേശങ്ങള്‍. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലെ 150,000 ത്തിലധികം വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടു. കൊടുങ്കാറ്റില്‍ ഇതുവരെ 18 പേര്‍ മരിച്ചു. തെക്കന്‍ ന്യൂജഴ്സിയില്‍ ചുഴലിക്കാറ്റ് പല വീടുകളെയും തകര്‍ത്തു. അപ്രതീക്ഷിതമായ നാശനഷ്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ഭഗീരഥപ്രയത്നത്തിലാണ്. വ്യാഴാഴ്ച ഉച്ചയോടെ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നു. വ്യാഴാഴ്ച രാവിലെ ക്യൂന്‍സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ന്യൂയോര്‍ക്കിലെ ഗവര്‍ണര്‍ കാതി ഹോചുള്‍, പ്രസിഡന്റ് ബൈഡന്‍ ഐഡയയെ നേരിടാന്‍ സഹായം വാഗ്ദാനം ചെയ്തതായി അറിയിച്ചു.
ബുധനാഴ്ചത്തെ മഴ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അരയടിയിലധികം വെള്ളം തെരുവുകളില്‍ ഉയര്‍ത്തി. തെരുവുകളും സബ്വേ പ്ലാറ്റ്ഫോമുകളും നദികളായി. ബോട്ടുകളിലെത്തിയ ക്വിക്ക് റെസ്പോണ്‍സ് ടീം കാറുകളുടെ മുകളില്‍ നിന്ന് ആളുകളെ രക്ഷിച്ചു. ട്രെയിനുകളില്‍ നിന്നും സബ്വേകളില്‍ നിന്നും നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഹെന്റി 11 ദിവസം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡുകളാണ് ഇപ്പോഴത്തെ മഴ തകര്‍ത്തത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ ചൂടുള്ള വായു കൂടുതല്‍ കൊടുങ്കാറ്റുകള്‍ കൂടുതല്‍ വേഗത്തില്‍ സൃഷ്ടിക്കുമെന്നാണ്. ഇവ ശക്തി പ്രാപിക്കുകയും കൂടുതല്‍ വലുതായി വളരുകയും ചെയ്യുമെന്നാണ് അവരുടെ നിരീക്ഷണം.
ന്യൂയോര്‍ക്ക് നഗരത്തിലെ സബ്വേ ലൈനുകള്‍ ഭാഗികമായെങ്കിലും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു, ഒപ്പം ഈ മേഖലയിലുടനീളമുള്ള റെയില്‍ സേവനവും. വിമാനത്താവളങ്ങള്‍ തുറന്നിട്ടുണ്ടെങ്കിലും നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു, ന്യൂജഴ്സിയിലും പെന്‍സില്‍വാനിയയിലും ചില നദികള്‍ ഇപ്പോഴും കര കവിഞ്ഞൊഴുകുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍, മരിച്ചവര്‍ 2 വയസ്സുള്ള ആണ്‍കുട്ടി മുതല്‍ 86 വയസ്സുള്ള സ്ത്രീ വരെ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ചിലര്‍ ക്വീന്‍സിലെ ബേസ്മെന്റ് അപ്പാര്‍ട്ട്മെന്റുകളില്‍ മുങ്ങിമരിച്ചു, അവിടെ താല്‍ക്കാലികവും കൂടുതലും നിയമവിരുദ്ധമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് പ്രശ്നമെന്നു പൊലീസ് പറയുന്നു.