
മനാമ: ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്ത്യ 75 ബികെഎസ് @ 75 ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹിച്ചു .കോവിഡ് ദുരന്തത്തിന്റെ അതിരൂക്ഷ സമയത്ത് ബികെഎസ് നടത്തിയ വിമാന സര്‍വീസ്. ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം, ഭക്ഷണ വിതരണം അടക്കമുള്ള പ്രവര്‍ത്തികള്‍ ഇന്ത്യക്കാരുടെയും വിശേഷിച്ചു മലയാളികളുടെയും ദുരിതം ലഘൂകരിച്ചു എന്നും സമാജം ഭാരവാഹികളുടെ ഉചിതമായ ഇടപെടലുകള്‍ എന്നും ഇന്ത്യന്‍ ജനതക്ക് ഒരനുഗ്രഹമാണ് എന്നും മന്ത്രി സൂചിപ്പിച്ചു. ഇന്ത്യ-ബഹ്റൈന്‍ ബന്ധം ഏറ്റവും ഊഷ്മളമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും ബഹ്റൈന്‍ ഇന്ത്യ ഡിപ്ലോമാറ്റിക് റിലേഷന്റെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷവുമാണ് അമൃതമഹോത്സവം എന്ന പേരില്‍ ആഘോഷിക്കുന്നത് എന്നും മന്ത്രി സൂചിപ്പിച്ചു.
ഈ അമൃതമഹോത്സവത്തില്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.ബഹ്റൈന്‍ കേരളീയ സമാജം പ്രദര്‍ശിപ്പിച്ച സമാജത്തിന്റെ പ്രൊഫൈല്‍ ഡോക്യുമെന്ററി ഒരേ സമയം വിജ്ഞാന പ്രദവും പുതിയ അറിവുകള്‍ നല്‍കിയ നവീന അനുഭവമായിരുന്നു എന്നും ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ കീഴില്‍ 1000 ല്‍ അധികം കുട്ടികള്‍ക്ക് മലയാള ഭാഷ പഠനം സാധ്യമാക്കിയത് അഭിനന്ദാര്‍ഹമാണ് എന്നും ഈ മഹാസംരംഭത്തിനു പുറകില്‍ പ്രവര്‍ത്തിക്കുന്ന പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ അടക്കമുള്ള നേതൃത്വത്തെ മന്ത്രി മുക്തകണ്ഠം പ്രശംസിച്ചു. ഇന്ത്യ ബഹ്റൈന്‍ ബന്ധം സംസ്‌കാരികവും വ്യാവസായികവുമായ പുരോഗതി കൈവരിക്കുന്നതായും വിദേശത്തുള്ള മലയാളികള്‍ അടക്കമുള്ള എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയും സമാധാനവും ഉറപ്പു വരുത്താന്‍ ഇന്ത്യ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രി യോഗത്തില്‍ ഊന്നി പറഞ്ഞു. ചടങ്ങില്‍ ഇന്ത്യ 75 ബികെഎസ് @ 75 ലോഗോ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു.