പത്തനംതിട്ട(കടമ്പനാട്) : പഞ്ചായത്ത് കെആര്‍കെപിഎം ബോയ്സ് ഹൈസ്‌കൂളില്‍ നാളെ സംഘടിപ്പിക്കുന്ന അക്ഷരദീപം 2021 പരിപാടിയെ ചൊല്ലി വിവാദം. പരിപാടിയുടെ പോസ്റ്ററില്‍ അക്കത്തെറ്റും കടന്നു കൂടി. പരിപാടിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദാണ് നിര്‍വഹിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. അഡിഷണല്‍ എസ്.പി ഡോ. എ. നസീം മോട്ടിവേഷന്‍ ക്ലാസ് നയിക്കും. പരിപാടിക്ക് വേണ്ടി തയാറാക്കി ഗ്രാമപഞ്ചായത്ത് നാടു നീളെ പ്രചരിപ്പിച്ച പോസ്റ്ററില്‍ പക്ഷേ അക്കത്തെറ്റ് കടന്നു കൂടിയിട്ടുണ്ട്.
2020 ഓഗസ്റ്റ് 30 നാണ് പരിപാടി എന്നാണ് പോസ്റ്ററില്‍. 2021 തുടങ്ങി എട്ടുമാസം കഴിഞ്ഞ വിവരം പോസ്റ്റര്‍ അടിച്ചവര്‍ അറിഞ്ഞ മട്ടില്ല. ഇതിലൊക്കെ ഉപരിയായി സ്വന്തം പാര്‍ട്ടിയുടെ മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് കടമ്പനാട് ഉള്‍ക്കൊള്ളുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ പള്ളിക്കലില്‍ നിന്നുള്ള അംഗം ശ്രീനാദേവി കുഞ്ഞമ്മയെ ക്ഷണിച്ചിട്ടില്ല. പരിപാടിയുെട ഉദ്ഘാടകനും അധ്യക്ഷനും ജില്ലാ പഞ്ചായത്തംഗവും സിപിഐയുടെ ആള്‍ക്കാരാണ്. എന്നിട്ടും പരിപാടിയില്‍ ഡിവിഷന്‍ മെമ്പര്‍ ഇല്ലാത്തത് വിമര്‍ശനത്തിന് കാരണമായി. മാത്രവുമല്ല, വിദ്യാഭ്യാസം ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വകുപ്പാണ്. സ്‌കൂളുകളുടെ മേല്‍നോട്ടച്ചുമതല ജില്ലാ പഞ്ചായത്തിനാണ്. ആ സ്ഥിതിക്ക് ഇത്രയും വലിയ ഒരു പരിപാടിയില്‍ ഡിവിഷന്‍ അംഗത്തിന് ഒരു സ്ഥാനം കൊടുക്കേണ്ടതാണ്.
കടമ്പനാട് പഞ്ചായത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ അത്ര രസത്തിലല്ല. സിപിഎം ഏരിയാ നേതാവിന്റെ നിര്‍ദേശ പ്രകാരം സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ശ്രീനാദേവിയെ മനഃപൂര്‍വം ഒഴിവാക്കിയതാണെന്നും ആരോപണമുണ്ട്. എന്തായാലും സിപിഐയില്‍ ഇതു സംബന്ധിച്ച് മുറുമുറുപ്പുണ്ട്.