ദുബായ് :’സുകുമാരക്കുറുപ്പി’ന് ബ്രീഫ് കെയ്‌സ് നിര്‍മിച്ചു നല്‍കിയത് ദുബായില്‍ പ്രവാസിയായ കലാകാരന്‍ തൗഫീഖ് ആര്‍ട്‌സ്. ചാക്കോ കേസിലെ പിടികിട്ടാപ്പുള്ളി യഥാര്‍ഥ സുകുമാരക്കുറുപ്പിനല്ല, ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന സിനിമ ‘കുറുപ്പി’ന് വേണ്ടി. ദുബായില്‍ കലാകാരനായ തൃശൂര്‍ ചാവക്കാട് സ്വദേശി തൗഫീഖ് ആര്‍ട്‌സ് നിര്‍മിച്ചത് ഒന്നും രണ്ടുമല്ല, ഒറിജിനലിനെ വെല്ലുന്ന കുറേയേറെ ബ്രീഫ് കെയ്‌സുകള്‍…
ദുബായില്‍ നിന്നു നാട്ടിലേയ്ക്ക് പോകുന്ന സുകുമാരക്കുറുപ്പിന്റെ രംഗം ചിത്രീകരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ 1984 കാലഘട്ടത്തിലെ ബ്രീഫ് കെയ്‌സുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കുറേ യാത്രക്കാര്‍ നടന്നുപോകേണ്ടേതുണ്ട്. അതിനാണ് അത്രയേറെ ‘കൈപ്പെട്ടി’ നിര്‍മിക്കേണ്ടിവന്നത്. രസകരമായ അക്കഥ ഓര്‍മിക്കുകയാണ് ദുബായിലെ രാജ്യാന്തര ബ്രാന്‍ഡുകളുടെ പ്രിയ കലാകാരനായ തൗഫീഖ് ആര്‍ട്‌സ്
2019 ലായിരുന്നു ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ കുറച്ചു ഭാഗം യുഎഇയില്‍ ചിത്രീകരിച്ചത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ (കമ്മാരസംഭവം-2019) നേടിയ യുവ കലാ സംവിധായകന്‍ വിനീഷ് ബംഗ്ലന്‍ ആയിരുന്നു കുറുപ്പിന്റെ പ്രൊഡക് ഷന്‍ ഡിസൈനര്‍. പക്ഷേ, അദ്ദേഹം ആദ്യമായിട്ടായിരുന്നു ഗള്‍ഫിലെത്തുന്നത്. പഴയ കാലത്ത് നടക്കുന്ന കഥയായതിനാല്‍ ചിത്രത്തിന് കുറേ സാധനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതായിരുന്നു, അന്ന് മലയാളികളടക്കമുള്ള യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന ബ്രീഫ് കെയ്‌സ് . എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാനാകുമോ? നാട്ടില്‍ നിന്ന് വിനീഷ് ബംഗ്ലന്റെ അന്വേഷണം വന്നു. പക്ഷേ ഇക്കാലത്ത് അത് സംഘടിപ്പിച്ചെടുക്കുക വളരെ പ്രയാസമായിരിന്നു. ആ ബ്രീഫ് കെയ്‌സിനായി തൗഫീഖ് അലയാത്ത സ്ഥലമില്ല.
പക്ഷേ, ഒന്നോ രണ്ടോ കിട്ടിയിട്ട് ഫലമില്ലല്ലോ. 40 എണ്ണം കണ്ടെടുക്കുക ഏതായാലും നടക്കുന്ന കാര്യമല്ല. പിന്നെന്തു ചെയ്യും? തൗഫീഖിലെ കലാകാരന്‍ ഉണര്‍ന്നു. പഴയ രൂപത്തിലുള്ള ഒരു ബ്രീഫ് കെയ്‌സ് ഉണ്ടാക്കാനായിരുന്നു പെട്ടെന്ന് തോന്നിയ ആശയം. അജ്മാനിലെ കടകളില്‍ കയറിയിറങ്ങി ബ്രീഫ് കെയ്‌സുണ്ടാക്കാനുള്ള വസ്തുക്കള്‍ വാങ്ങി. മണിക്കൂറുകള്‍ക്കകം ബ്രീഫ് കെയ്‌സ് റെഡി-ഒറിജിനലിനെ വെല്ലുന്ന ഡമ്മി.