അടൂര്‍: ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരനും സര്‍ക്കാര്‍ കരാറുകാരനുമായ കലഞ്ഞൂര്‍ മധുവിന്റെ കമ്പനി ടാര്‍ മിക്സിങ് പ്ലാന്റ് തുടങ്ങുന്നതിന് ആരംഭിച്ച നീക്കങ്ങള്‍ താല്‍കാലികമായി നിര്‍ത്തി. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതും ആവശ്യമായ അനുമതികള്‍ കിട്ടാതിരുന്നതുമാണ് ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നത് വൈകാന്‍ കാരണമായിരിക്കുന്നത്.
ഭരണ പാര്‍ട്ടിയായ സിപിഎമ്മിന്റെ ജില്ലാ ഏരിയാ നേതാക്കളുടെ ശക്തമായ പിന്തുണ ഉണ്ടായിട്ടും ഉദ്ദേശിച്ച സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാന്‍ മന്ത്രിയുടെ സഹോദരന് ഇതു വരെ കഴിയാതിരുന്നതിന് കാരണം ജനങ്ങളുടെ ഇടയില്‍ ഉണ്ടായ ഐക്യമായിരുന്നു. സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് പ്രദേശത്തെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ പ്ലാന്റിനെതിരായ നിലപാട് എടുത്തു. പോസ്റ്റര്‍ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐക്കാരോട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് താക്കീത് നല്‍കിയെങ്കിലും ഏറ്റില്ല. സമരക്കാരെ വിഘടിപ്പിക്കാന്‍ നടത്തിയ നീക്കവും ഫലം കണ്ടില്ല. ബിജെപിക്കാരുള്ള സമരത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം നോക്കിയെങ്കിലും തന്ത്രം തിരിച്ചടിച്ചു.
പണി പാളുമെന്ന് മനസിലായതോടെ സിപിഎം ജില്ലാ സെക്രട്ടറി സമരപ്പന്തല്‍ സന്ദര്‍ശിച്ചു. അതു വരെ കലഞ്ഞൂര്‍ മധുവിന് വേണ്ടി ഓശാന പാടിയ ശേഷമായിരുന്നു സന്ദര്‍ശനം. സമരക്കാര്‍ക്കൊപ്പമെന്ന് തമ്പ് ഇമ്പ്രഷനും നല്‍കി സെക്രട്ടറി കടന്നു പോയി.
ആര്‍ഡിഓ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ എല്ലാം ഒതുക്കാമെന്ന് കരുതിയെങ്കിലും അവിടെയും തിരിച്ചടിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ ഒരു പണിയും നടക്കില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. അതിനുള്ള ലിസ്റ്റും ആര്‍ഡിഓയുടെ സാന്നിധ്യത്തില്‍ കൈമാറി. ലോറിയില്‍ നിന്ന് പ്ലാന്റ ഇറക്കി വയ്ക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ പൊലീസ് സംരക്ഷണ ഉത്തരവും കൈയില്‍ പിടിച്ച് കലഞ്ഞൂര്‍ മധുവിന് വെറുതേ ഇരിക്കേണ്ടി വന്നു. ഇതിനിടെ സമര സമിതി നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. തദ്ദേശസ്വയംഭരണ വകുപ്പിനോട് റിപ്പോര്‍ട്ട് ചോദിച്ചു. പ്ലാന്റിനെതിരായി ഏനാദിമംഗലം പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സൂചന.
ഇതോടെയാണ് പ്ലാന്റ് സ്ഥാപനത്തിനുള്ള നീക്കം താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുന്നത്. എന്നാല്‍, വര്‍ധിത വീര്യത്തോടെ എന്‍എസ്എസ് നേതാവും സംഘവും മടങ്ങിയെത്തുമെന്നാണ് സൂചന. അതിനുള്ള ഗൂഢാലോചന അണിയറയില്‍ നടക്കുന്നു. ഇപ്പോഴത്തെ ഈ മൗനം അപകടമാണെന്ന് സമര സമിതി നേതാക്കള്‍ക്ക് അറിയാം. അതു കൊണ്ട് തന്നെ അവര്‍ കരുതിയാണ് ഇരിക്കുന്നതും.