റിയാദ്: സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് എത്തിയാല്‍ അഞ്ചു ലക്ഷം സൗദി റിയാല്‍ (99 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത് യാത്രാ നിരോധന നിയമങ്ങള്‍ ലംഘിക്കലാണ്. 14 ദിവസത്തിനിടെ കോവിഡ് തീവ്രത കൂടിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ ബോഡിങ് പാസ് നല്‍കുന്ന സമയത്ത് വെളിപ്പെടുത്തണം. ഇല്ലെങ്കില്‍ സൗദിയിലെത്തിയാല്‍ വ്യക്തികള്‍ക്കും കൊണ്ടുവന്ന എയര്‍ലൈനുകള്‍ക്കും എതിരെ നടപടിയുണ്ടാകും. ക്വാറന്റീന്‍ നിയം പാലിക്കാതെ മറ്റു രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കും സമാന പിഴയുണ്ടാകും.
യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് പോകുന്നതിനെതിരെയും പൗരന്മാര്‍ക്ക് കഴിഞ്ഞ ദിവസം സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരക്കാര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് രാജ്യത്തിന് പുറത്ത് പോകുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നതാണ് ശിക്ഷ. നേരിട്ടോ മറ്റു രാജ്യങ്ങളിലൂടെയോ യാത്ര ചെയ്യല്‍ നിരോധിച്ച രാജ്യങ്ങളിലേക്ക് പൗരന്മാര്‍ യാത്ര ചെയ്യാന്‍ പാടില്ല. വൈറസ് നിയന്ത്രണ വിധേയമാകാത്ത ഏതു പ്രദേശത്താണെങ്കിലും യാത്രക്ക് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.