അടൂര്‍: കിന്‍ഫ്രാ പാര്‍ക്കില്‍ ടാര്‍ മിക്‌സിങ്ങ് പ്ലാന്റ് ആരംഭിക്കാനുള്ള ശ്രമം ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ സഹോദരന്‍ കലഞ്ഞൂര്‍ മധു ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം ജനകീയ സമരസമിതി മുഖ്യമന്ത്രിക്ക് പരാതി നല്‍കീയിരുന്നു.ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടില്‍ പഞ്ചായത്ത് ടാര്‍മിക്‌സിങ്ങ് പ്ലാന്റിനെതിരെ പ്രമേയം പാസാക്കിയ കാര്യം ഉള്‍പ്പടെ സൂചിപ്പിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് എന്നതാണ് ലഭിക്കുന്ന വിവരം. സമരം സജീവമായി തന്നെ മുന്നോട്ടു പോവുകയാണ്. എന്നാല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ത്തിവെച്ചത് പോലെയുള്ള സമീപനമാണ് ധനമന്ത്രിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള കമ്പനി സ്വീകരിക്കുന്നത്.
നേരത്തെ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരനും സര്‍ക്കാര്‍ കരാറുകാരനുമായ കലഞ്ഞൂര്‍ മധു സ്ഥാപിക്കാനുദ്ദേശിക്കുന്ന ടാര്‍ മിക്സിങ് പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നിര്‍ബന്ധമാണെന്ന് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്മെന്റ കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) അധികൃതര്‍ അറിയിച്ചിരുന്നു. പ്ലാന്റ് അന്തരീക്ഷ മലിനീകരണവുമായ ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ്. അവരുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഈ യൂണിറ്റിന് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും ഇളമണ്ണൂര്‍ കൈപ്പള്ളില്‍ വീട്ടില്‍ ടി. അനീഷ്‌കുമാറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറഞ്ഞിരുന്നു.
വ്യവസായം ആരംഭിക്കുന്നതിന് 7.04 ഏക്കര്‍ ഭൂമിയാണ് കിന്‍ഫ്ര പാര്‍ക്കില്‍ അനുവദിച്ചിരിക്കുന്നത്. 30 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി നല്‍കിയിരിക്കുന്നത്. ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോണ്‍ക്രീറ്റ്, റെഡിമിക്സ് കോണ്‍ക്രീറ്റ് എന്നിവയുടെ വ്യവസായ യൂണിറ്റാണ് ഇവിടെ ആരംഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. അതേ സമയം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി യൂണിറ്റിന് ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണമാണ് ഉടമ കലഞ്ഞൂര്‍ മധുവും അദ്ദേഹത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളും പടച്ചു വിട്ടത്. ആര്‍ഡിഓ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗത്തില്‍ പണി പാളി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുഴുവന്‍ അനുമതിയും പ്ലാന്റിന് ഉണ്ടായിരുന്നില്ലെന്ന് അവിടെ വച്ച് വ്യക്തമായി. ഏതൊക്കെ അനുമതിയാണ് വേണ്ടതെന്ന് അക്കമിട്ട് നിരത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസും നല്‍കിയിട്ടുണ്ട്.
വ്യവസായ പാര്‍ക്കില്‍ ടാര്‍ മിക്സിങ് യൂണിറ്റ് തുടങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണത്തിനും ഇതോടെ അന്ത്യമായിരുന്നു. ഏനാദിമംഗലം പഞ്ചായത്തിന്റെ പ്രകൃതി രമണീയമായ പരിസ്ഥിതിക്ക് പ്ലാന്റ് ദോഷം വരുത്തുമെന്ന് കണ്ടാണ് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ സംഘടിച്ച് സമരം തുടങ്ങിയത്. സിപിഎം മന്ത്രിയുടെ സഹോദരനായതിനാല്‍ ജില്ലാ കമ്മറ്റിയും ഏരിയാ കമ്മറ്റിയും ഒത്താശ ചെയ്തു. എന്നാല്‍, സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം സമരത്തിന്റെ മുന്‍നിരയില്‍ ഇറങ്ങി. പിന്മാറിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ജില്ലാ നേതൃത്വം ഭീഷണിപ്പെടുത്തി. ഇതിനിടെ സമരത്തിന്റെ നേതൃത്വം ബിജെപി ഏറ്റെടുത്തുവെന്ന് ആരോപിച്ച് സിപിഎമ്മും ഡിവൈഎഫ്ഐയും പതിയെ പിന്‍വലിയാന്‍ നോക്കി. ഈ വിവരം വാര്‍ത്തയായതോടെ പോയതിനേക്കാള്‍ വേഗത്തില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും സമരപ്പന്തലില്‍ തിരിച്ചെത്തി.
തൊട്ടുപിന്നാലെ നടന്ന ആര്‍ഡിഓയുടെ സര്‍വകക്ഷി യോഗത്തില്‍ സിപിഎം നേതാവും പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗവുമായ ആര്‍ബി രാജീവ്കുമാര്‍ അടക്കം കലഞ്ഞൂര്‍ മധുവിന് അനുകൂലമമായ നിലപാട് സ്വീകരിച്ചു. സിപിഐയും ബിജെപിയും സമരം തുടരാന്‍ തീരുമാനിച്ചതോടെ സിപിഎം വെട്ടിലായി. ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലം സന്ദര്‍ശിക്കേണ്ടതായും സമരത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടതായും വന്നിരുന്നു.