റിയാദ് :പൂര്‍ണ വാക്‌സിനേഷന്‍ നേടിയ വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ ക്വാറന്റീന്‍ നിബന്ധനകള്‍ കൂടാതെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കുമ്പോഴും ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ പട്ടികയ്ക്ക് പുറത്ത്. നിലവില്‍ യാത്ര വിലക്ക് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍, ലെബനന്‍ എന്നിവയാണ് നിലവില്‍ സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്കുള്ള രാജ്യങ്ങള്‍.
ഇവിടങ്ങളില്‍ 14 ദിവസത്തിനകം സഞ്ചരിക്കാത്ത യാത്രക്കാരില്‍ സൗദി ടൂറിസ്റ്റ് വീസ കൈവശമുള്ള ആര്‍ക്കും നേരിട്ട് പ്രവേശനം അനുവദിക്കും എന്നതാണ് പുതിയ നിര്‍ദേശം. സ്വകാര്യ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ എയര്‍ലൈനുകള്‍ക്കും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. അതേസമയം, ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്നും വ്യോമയാന അധികൃതര്‍ അറിയിച്ചു. സൗദിലേക്ക് പ്രവേശിക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ് എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം ഉള്ളവരായിരിക്കുക, വാക്‌സീന്‍ സൗദിയില്‍ അംഗീകരിച്ചവയായിരിക്കുക എന്നിവയാണ് പ്രധാന നിബന്ധനകള്‍.
രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ https://muqeem പോര്‍ട്ടലില്‍ വാക്‌സീനേഷന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന്റെ പ്രാധാന്യവും ജിഎസിഎ ഊന്നിപ്പറഞ്ഞു. ഇത് പ്രകാരം നാളെ (ഓഗസ്റ്റ് ഒന്ന്) മുതലാണ് വിനോദ സഞ്ചാരികള്‍ക്ക് സൗദി വാതില്‍ തുറക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ പകര്‍ച്ചവ്യാധിയുടെ ആഗോള അവസ്ഥയെ കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് രാജ്യാന്തര യാത്ര സംബന്ധിച്ച യോജിച്ച തീരുമാനങ്ങള്‍ അപ്പപ്പോള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.