ദുബായ്: മുകേഷ്‌മേതില്‍ ദേവിക വിവാഹമോചന വിഷയത്തില്‍ ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് നടി സരിത. വര്‍ഷങ്ങളായി യുഎഇയിലെ റാസല്‍ഖൈമയില്‍ താമസിക്കുന്ന മുകേഷിന്റെ ആദ്യ ഭാര്യയായ സരിത്. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തത്. അതുമാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും സരിത പറഞ്ഞു.
2016ല്‍ മുകേഷ് കൊല്ലത്ത് നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലേയ്ക്ക് മത്സരിക്കാനൊരുങ്ങിയപ്പോള്‍ മേയ് 15ന് അവര്‍ ദുബായില്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മുകേഷുമായുള്ള വിവാഹമോചന വിഷയത്തില്‍ ആദ്യമായി മനം തുറന്ന സരിത അന്ന് മുകേഷിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നായിരുന്നു അന്നത്തെ പ്രധാന ചോദ്യം.
സരിത അന്ന് ഉന്നയിച്ച ആരോപണങ്ങള്‍:സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. ഞാന്‍ കേരളത്തിന്റെ മരുമകളാണ്. അതിനാല്‍ കേരളത്തില്‍ നിന്നു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള സത്യവാങ്മൂലത്തില്‍ നിന്ന് എന്റെയും മക്കളുടെയും പേര് നീക്കം ചെയ്തു. ഇത് തന്നെ ഞെട്ടിപ്പിച്ചു. എന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചു. മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്.
തന്റെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്‍കാന്‍ പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളില്‍ മൗനം പാലിച്ചത്. നടിമാര്‍ക്ക് ശബ്ദം നല്‍കിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് ഞാന്‍ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയത്.