അടൂര്‍: ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ മാവനാല്‍ ഗ്രൂപ്പ് ഉടമയും സംസ്ഥാന ധനമന്ത്രിയുടെ സഹോദരനുമായ കലഞ്ഞൂര്‍ മധു സ്ഥാപിക്കാനുദ്ദേശിക്കുന്ന ടാര്‍ മിക്സിങ് പ്ലാന്റ് നാട്ടുകാരുടെ കാലനായി മാറുമെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നു. കാര്‍ബണ്‍ മോണോക്സൈഡ് അടക്കം മനുഷ്യ ജീവന് ഹാനികരമായേക്കാവുന്ന നിരവധി വിഷവാതകങ്ങളാണ് ഈ പ്ലാന്റ് പുറന്തള്ളുന്നത്. ഇളമണ്ണൂരില്‍ സ്ഥാപിക്കാന്‍ പോകുന്ന പ്ലാന്റിന് അന്തരീക്ഷ മലിനീകരണം കുറവാണെന്നാണ് ഉടമ അവകാശപ്പെടുന്നത്. എന്നാല്‍, ഈ പ്ലാന്റില്‍ നിന്ന് പുക ഉയരുമോ എന്ന ചോദ്യത്തിന് ഉടമയ്ക്കും സ്തുതിപാഠകര്‍ക്കും മറുപടിയില്ല. ടാര്‍ മിക്സിങ് പ്ലാന്റ് വന്ന് നശിച്ചു പോയ ചില ഗ്രാമങ്ങളെ നമുക്ക് പരിചയപ്പെടാം.
പാലക്കാട് കൊപ്പം പഞ്ചായത്തില്‍ പുലാശേരിയില്‍ താല്‍ക്കാലികമായി സ്ഥാപിച്ച പ്ലാന്റ് മൂന്നു വര്‍ഷത്തിന് ശേഷവും പ്രവര്‍ത്തനം നിര്‍ത്തിയില്ല. തല്‍ക്കാലത്തേക്ക് എന്ന് പറഞ്ഞു തുടങ്ങിയതിനാല്‍ നാട്ടുകാര്‍ എതിര്‍ത്തിരുന്നില്ല. അതു പക്ഷേ, ഇപ്പോള്‍ നാട്ടുകാര്‍ക്ക് അന്തകനായി മാറി. വെറും മൂന്നു വര്‍ഷം കൊണ്ട് പുലാശേരി എന്ന പ്രദേശത്തെ ജലം ചൂഷണം ചെയ്യപ്പെട്ടു. മലിനീകരണം വന്‍തോതില്‍ വര്‍ധിച്ചു. സമീപത്തെ പാടശേഖരങ്ങളിലെ കൃഷി ഇല്ലാതായി. താല്‍കാലിക പ്ലാന്റ് ചുരുങ്ങിയ കാലയളവ് കൊണ്ട് ഒരു പ്രദേശം തകര്‍ത്തെറിഞ്ഞു. അപകടം മണത്ത നാട്ടുകാര്‍ ജനകീയ സമര സമിതി രൂപീകരിച്ചു. സമരം വിജയം കണ്ടു.
സമാനമാത മറ്റൊരു സംഭവമാണ് ഇടുക്കി ജില്ലയിലെ പൈനാവ്-താന്നിക്കണ്ടം റോഡ് പണിക്കായി മണിയാറന്‍കുടിയില്‍ സ്ഥാപിച്ച പ്ലാന്റും തുടര്‍ സംഭവങ്ങളും. ഇവിടെയും പ്ലാന്റ് താല്‍ക്കാലികമായിരുന്നു. പ്രവര്‍ത്തനം തുടങ്ങിയതോടെ നാട്ടിലെ കിണറുകളിലെ നീരുറവ വറ്റി. ഒരിക്കലും വറ്റാത്ത കിണറുകള്‍ വരെ വരണ്ടു. നാട്ടുകാര്‍ അന്വേഷിച്ചറങ്ങിയപ്പോഴാണ് പ്ലാന്റിനോട് ചേര്‍ന്ന് കുഴിച്ച കുഴല്‍ കിണര്‍ ആയിരക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലം ചോര്‍ത്തുന്നത് വ്യക്തമായത്. കുടിവെള്ളം കിട്ടാതെ വലഞ്ഞ ജനങ്ങളുടെ ഗര്‍ജനം ഭയാനകമായിരുന്നു. ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഇടപെട്ട് പ്ലാന്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു.
റാന്നിയില്‍ സ്ഥാപിച്ച ടാര്‍ മിക്സിങ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയ ശേഷം സമീപവാസികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇതിന്റെ പേരിലുള്ള പ്രക്ഷോഭം നടക്കുന്നു. കുമ്പനാട് കടപ്രയില്‍ ടാര്‍ മിക്സിങ് പ്ലാന്റിനെതിരേ പഞ്ചായത്ത് കമ്മറ്റി അടക്കമാണ് പ്രക്ഷോഭം നടത്തുന്നത്. പട്ടാഴി വടക്കേക്കര, പത്തനാപുരം പഞ്ചായത്തുകളില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്ലാന്റുകള്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പൂട്ടേണ്ടി വന്നു.
സംസ്ഥാന ധനമന്ത്രിയുടെ സഹോദരന്‍ ഇളമണ്ണൂരില്‍ കൊണ്ടു വരുന്ന ടാര്‍ മിക്സിങ് പ്ലാന്റ് താല്‍കാലികമല്ല. 30 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ സ്ഥാപിച്ചാല്‍ പ്രവര്‍ത്തനം തുടരും. പ്ലാന്റ് സ്ഥാപിക്കാന്‍ പറ്റാത്ത സ്ഥലങ്ങളിലെ ജോലി കൂടി ഇവിടേക്ക് വരും. ഇതോടെ അന്തരീക്ഷ മലിനീകരണവും ജലചൂഷണവും നൂറിരട്ടി വര്‍ധിക്കും. പ്രകൃതി മനോഹരമായ ഏനാദിമംഗലം ഒരു ചെടി പോലും വളരാത്ത തരത്തില്‍ നശിക്കും. കലഞ്ഞൂര്‍ മധുവില്‍ നിന്ന് പണം പറ്റിയ രാഷ്ട്രീയ-മാധ്യമ ബഡുവകള്‍ അന്നും പ്ലാന്റിന് സ്തുതിപാടിക്കൊണ്ടേയിരിക്കും.