കലഞ്ഞൂര്‍ മധുവിന്റെ പണിയൊന്നും കിന്‍ഫ്രയില്‍ നടക്കില്ല: ധനമന്ത്രിയുടെ സഹോദരനായതിന്റെ പേരില്‍ നിയമങ്ങളില്‍ ഇളവൊന്നുമില്ല: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എല്ലാ അനുമതിയുമില്ലാതെ ഇളമണ്ണൂരില്‍ ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാനാകില്ല

2 second read

അടൂര്‍: ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരനും സര്‍ക്കാര്‍ കരാറുകാരനുമായ കലഞ്ഞൂര്‍ മധു സ്ഥാപിക്കാനുദ്ദേശിക്കുന്ന ടാര്‍ മിക്സിങ് പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നിര്‍ബന്ധമാണെന്ന് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്മെന്റ കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) അധികൃതര്‍ അറിയിച്ചു. പ്ലാന്റ് അന്തരീക്ഷ മലിനീകരണവുമായ ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ്. അവരുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഈ യൂണിറ്റിന് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും ഇളമണ്ണൂര്‍ കൈപ്പള്ളില്‍ വീട്ടില്‍ ടി. അനീഷ്‌കുമാറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.

വ്യവസായം ആരംഭിക്കുന്നതിന് 7.04 ഏക്കര്‍ ഭൂമിയാണ് കിന്‍ഫ്ര പാര്‍ക്കില്‍ അനുവദിച്ചിരിക്കുന്നത്. 30 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി നല്‍കിയിരിക്കുന്നത്. ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോണ്‍ക്രീറ്റ്, റെഡിമിക്സ് കോണ്‍ക്രീറ്റ് എന്നിവയുടെ വ്യവസായ യൂണിറ്റാണ് ഇവിടെ ആരംഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. അതേ സമയം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി യൂണിറ്റിന് ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണമാണ് ഉടമ കലഞ്ഞൂര്‍ മധുവും അദ്ദേഹത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളും പടച്ചു വിട്ടത്. ആര്‍ഡിഓ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗത്തില്‍ പണി പാളി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുഴുവന്‍ അനുമതിയും പ്ലാന്റിന് ഉണ്ടായിരുന്നില്ലെന്ന് അവിടെ വച്ച് വ്യക്തമായി. ഏതൊക്കെ അനുമതിയാണ് വേണ്ടതെന്ന് അക്കമിട്ട് നിരത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസും നല്‍കിയിട്ടുണ്ട്.

വ്യവസായ പാര്‍ക്കില്‍ ടാര്‍ മിക്സിങ് യൂണിറ്റ് തുടങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണത്തിനും ഇതോടെ അന്ത്യമായിരുന്നു. ഏനാദിമംഗലം പഞ്ചായത്തിന്റെ പ്രകൃതി രമണീയമായ പരിസ്ഥിതിക്ക് പ്ലാന്റ് ദോഷം വരുത്തുമെന്ന് കണ്ടാണ് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ സംഘടിച്ച് സമരം തുടങ്ങിയത്. സിപിഎം മന്ത്രിയുടെ സഹോദരനായതിനാല്‍ ജില്ലാ കമ്മറ്റിയും ഏരിയാ കമ്മറ്റിയും ഒത്താശ ചെയ്തു. എന്നാല്‍, സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വം സമരത്തിന്റെ മുന്‍നിരയില്‍ ഇറങ്ങി. പിന്മാറിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ജില്ലാ നേതൃത്വം ഭീഷണിപ്പെടുത്തി. ഇതിനിടെ സമരത്തിന്റെ നേതൃത്വം ബിജെപി ഏറ്റെടുത്തുവെന്ന് ആരോപിച്ച് സിപിഎമ്മും ഡിവൈഎഫ്ഐയും പതിയെ പിന്‍വലിയാന്‍ നോക്കി. ഈ വിവരം വാര്‍ത്തയായതോടെ പോയതിനേക്കാള്‍ വേഗത്തില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും സമരപ്പന്തലില്‍ തിരിച്ചെത്തി.

തൊട്ടുപിന്നാലെ നടന്ന ആര്‍ഡിഓയുടെ സര്‍വകക്ഷി യോഗത്തില്‍ സിപിഎം നേതാവും പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗവുമായ ആര്‍ബി രാജീവ്കുമാര്‍ അടക്കം കലഞ്ഞൂര്‍ മധുവിന് അനുകൂലമമായ നിലപാട് സ്വീകരിച്ചു. സിപിഐയും ബിജെപിയും സമരം തുടരാന്‍ തീരുമാനിച്ചതോടെ സിപിഎം വെട്ടിലായി. ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലം സന്ദര്‍ശിക്കേണ്ടി വന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…