പത്തനംതിട്ട:(ഏനാദിമംഗലം)ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരന്‍ കലഞ്ഞൂര്‍ മധു സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ടാര്‍ മിക്‌സിങ് യൂണിറ്റിനെതിരായ സമരപ്പന്തലില്‍ കുറേ നാള്‍ കുത്തിയിരുന്ന വലയുമ്പോള്‍ സമരക്കാര്‍ എണീറ്റു പൊക്കോളും അല്ലെങ്കില്‍ രാഷ്ട്രീയ നേതാക്കള്‍ തന്നെ അവരെ എണീപ്പിച്ച് വിട്ടോളുമെന്ന് കരുതിയ കലഞ്ഞൂര്‍ മധുവിനും സംഘത്തിനും തെറ്റി. സമരം ശക്തമായി തുടരുന്നു.
ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. സമരപ്പന്തലില്‍ എല്ലാ ആള്‍ക്കാരും മാറി മാറി സത്യഗ്രഹം ഇരിക്കുന്നു. ഈ ഒരുമ പക്ഷേ, ഇവിടെ മാത്രമേ ഉള്ളൂ. ഇവിടെ സമരത്തിന് ഇരിക്കുന്ന ഓരോ പാര്‍ട്ടിയുടെയും സമുദായത്തിന്റെയും നേതാക്കള്‍ പുറത്ത് പ്ലാന്റ് മുതലാളിക്ക് ജയ് വിളിക്കുന്നവരാണ്. നാട് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല. സമരത്തിന്റെ നേതാക്കളെ ഓരോരുത്തരായി വ്യക്തിപരമായി വിളിച്ച് വിരട്ടാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിച്ചത്. ഡിവൈഎഫ്‌ഐ നേതാക്കളെ വിരട്ടിയത് സിപിഎം കൊടുമണ്‍ ഏരിയ കമ്മറ്റിയാണ്. പോസ്റ്റര്‍ പ്രചാരണവും പ്രത്യക്ഷ സമരവുമൊന്നും വേണ്ടെന്നായിരുന്നു നിര്‍ദേശം. എന്തെങ്കിലും കാരണം പറഞ്ഞ് പതുക്കെ മുങ്ങാനും നിര്‍ദേശം നല്‍കി.
വികസനം നാടിന് ആവശ്യം, മനുഷ്യന് നാട് ആവശ്യം എന്ന ടാഗ്ലൈനിലാണ് സേവ് ഏനാദിമംഗലം പ്ലാന്റിനെതിരേ സമരം നയിക്കുന്നത്. വളരെ അര്‍ഥവത്തായ വാചകങ്ങളാണ് ഇവിടെ എഴുതിയിരിക്കുന്നത്. നാടിന് വികസനം ആവശ്യമാണ്. പക്ഷേ, അതിന്റെ പേരില്‍ നാട് നശിപ്പിക്കണോ എന്നാണ് ചോദ്യം. ആ ചോദ്യമാണ് ഞങ്ങളും ചോദിക്കുന്നത്. നാട് നശിപ്പിച്ചിട്ട് എന്തിനാണ് വികസനം?