അടൂര്‍: ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സഹോദരന്‍ കലഞ്ഞൂര്‍ മധുവിന് രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും കൈയിലെടുക്കാന്‍ വന്‍ തുക തന്നെ ചെലവഴിക്കേണ്ടി വരും. ഇനി എല്ലാ പാര്‍ട്ടിയിലുമുള്ള സമുദായ സ്നേഹികളായ നേതാക്കള്‍ പ്ലാന്റിനെതിരേ മൗനി ബാബകളായി തുടരും. പ്ലാന്റിനെതിരേ സമരം ചെയ്യുന്നവര്‍ക്ക് വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളില്‍ ചിലതിനെ ഉടമ പരസ്യമെന്ന പച്ചില കാട്ടി കൈയിലെടുത്തു. ഇനി ചിലരാകട്ടെ പണം വാങ്ങി പിന്മാറുകയും ചെയ്തു. അഴകിയ രാവണന്‍ സിനിമയിലേതു പോലെ ശങ്കര്‍ ദാസിന്റെ വീട്ടില്‍ എത്തുന്നവര്‍ക്കെല്ലാം 200 രൂപ വീതം കൊടുക്കുന്നുവെന്ന് പറഞ്ഞതു പോലെയാണ് ഇവിടെയും കാര്യങ്ങള്‍. പ്ലാന്റിനെതിരേ ഒരു വാര്‍ത്തയടിച്ച ശേഷം മുതലാളിയുടെ വീട്ടില്‍ ചെന്നാല്‍ അത്യാവശ്യം പോക്കറ്റ് മണി കിട്ടും. ഈ വിവരം കേട്ടറിഞ്ഞ് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും നിരവധി ഓണ്‍ലൈനുകാര്‍ ഓടിച്ചെന്ന് ഒരു വാര്‍ത്ത വീതം ചെയ്തു.
തങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ഇവര്‍ വാര്‍ത്ത ചെയ്യാന്‍ വരുന്നത് എന്നാണ് പാവം സമരക്കാര്‍ കരുതിയിരുന്നത്. പക്ഷേ, മുതലാളിയില്‍ നിന്ന് പണവും വാങ്ങി അവര്‍ അവരുടെ വഴിക്ക് പോയി. ഇനി ചിലര്‍ പണം വാങ്ങി ചെയ്തത് പ്ലാന്റിന്റെ ഗുണഗണങ്ങള്‍ വര്‍ണിച്ചു കൊണ്ടുള്ള വാര്‍ത്തയാണ്. ഈ പ്ലാന്റില്‍ നിന്ന് പുക വരില്ലെന്നും വന്നാല്‍ തന്നെ ശൂന്യാകാശത്തോട്ട് വലിച്ചെടുക്കുമെന്നുമുള്ള തരം വാര്‍ത്തയാണ് ചിലര്‍ ചെയ്തത്. ടാര്‍ മിക്സിങ് പ്ലാന്റ് വ്യവസായമാണെന്ന് വച്ചു കാച്ചിയവരും കുറവല്ല. ഇത്തരക്കാരെ നേരില്‍ കണ്ടാല്‍ കായിക പരമായും നിയമപരമായും നേരിടാന്‍ ഇരിക്കുകയാണ് സമരക്കാര്‍. സേവ് ഏനാദിമംഗലം കൂട്ടായ്മ ഇത്തരക്കാരെ നന്നായി ട്രോളി വിടുന്നുമുണ്ട്. ചിലര്‍ ഇപ്പോള്‍ എയറില്‍ നില്‍ക്കുകയാണ്. ചില മാധ്യമങ്ങളെ മധുവിന്റെ ഇടനിലക്കാര്‍ പണം വാഗ്ദാനം ചെയ്ത സമീപിച്ചിരുന്നു. അവര്‍ അത് തള്ളിയതോടെ അവര്‍ക്കുള്ള പങ്ക് കൂടി വാങ്ങി എടുത്ത വിരുതന്മാരും ഉണ്ട്.
ഇനി ചിലരുണ്ട്. ചാനലില്‍ വന്നിരുന്ന പരിസ്ഥിതി പ്രേമവും നിലപാടുകളും വാ തോരാതെ പ്രസംഗിക്കുന്നവര്‍. അടൂരിലുള്ള ഇത്തരക്കാര്‍ ഒന്നും തന്നെ പ്ലാന്റ് സംബന്ധിയായി ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. കാരണം, സമുദായ സ്നേഹം. സ്വന്തം സമുദായക്കാരനെതിരേ പറയാന്‍ അവര്‍ തയാറല്ല. പ്രത്യേകിച്ചും അടൂരിലെ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കൂടിയാണ് മധു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് കരയോഗം പ്രസിഡന്റ് കൂടിയാണ്. അതിനാല്‍ അദ്ദേഹം വാക്കുകള്‍ വളരെ സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്.
രാഷ്ട്രീയക്കാര്‍ പതിവായി കൈ നീട്ടി ചെല്ലാറുണ്ട് മധുവിന്റെ മുന്നില്‍. ചോദിക്കുമ്പോള്‍ ഒക്കെ കൊടുക്കും. അതു കൊണ്ട് ഈ വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല. പക്ഷേ, ഈ വിഷയം ചൂണ്ടിക്കാട്ടി ബൂസ്റ്റര്‍ ഡോസ് വാങ്ങിയെടുത്ത വിരുതന്മാരും കുറവല്ല. എന്തായാലും പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം കൈയാലപ്പുറത്തെ തേങ്ങ പോലെയാണ്. പക്ഷേ, ഇതിന്റെ പേരില്‍ ചിലര്‍ മധുവിനെ നന്നായി പിഴിയുകയാണ്.