മസ്‌കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുന്നു. ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ (ദുല്‍ഹിജ്ജ 10 മുതല്‍ 12 വരെ) സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നു സുപ്രീം കമ്മിറ്റി അറിയിച്ചു. ഈ ദിവസങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. യാത്രാ വിലക്കുകള്‍ നിലനില്‍ക്കും.
നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രികാല ലോക്ഡൗണ്‍ സമയം ദീര്‍ഘിപ്പിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 16 മുതല്‍ 31 വരെ വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ 4 വരെയായിരിക്കും വാണിജ്യ-യാത്രാ വിലക്കുകള്‍. ജൂലൈ 16 വരെ രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ നാലു വരെയായിരിക്കും ലോക്ഡൗണ്‍.
അതേസമയം, കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു പ്രവേശനവിലക്ക് ഏര്‍പ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഇറാഖ്, ഇറാന്‍, ടുണീഷ്യ, ലിബിയ, അര്‍ജന്റീന, ബ്രൂണെ ദാറുസ്സലാം എന്നീ രാജ്യങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഈജിപ്തിനെ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ഖരീഫ് സീസണ്‍ ആരംഭിച്ച ദോഫാര്‍ ഗവര്‍ണറേറ്റില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള, ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും ജൂലൈ 9 വൈകിട്ട് അഞ്ചു മുതല്‍ പ്രവേശനാനുമതി ലഭിക്കും. ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹോട്ടലുകളിലും അപ്പാര്‍ട്ട്മെന്റുകളിലും 50 ശതമാനം ശേഷിയില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
പള്ളികളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം ഉണ്ടാകില്ല. പരമ്പരാഗത ഈദ് മാര്‍ക്കറ്റുകള്‍ക്കും അനുമതിയില്ല. കുടുംബങ്ങളുടേതുള്‍പ്പടെ എല്ലാതരം ഒത്തുചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായും സുപ്രീം കമ്മിറ്റി അറിയിച്ചു.