റിയാദ്: സൗദി- ഇന്ത്യ വിദേശ കാര്യ മന്ത്രിമാര്‍ ഇറ്റലിയില്‍ ചര്‍ച്ച നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നു നിര്‍ത്തിവച്ച വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടന്നതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ജി20 രാജ്യങ്ങളുടെ വിദേശകാര്യ-വികസന മന്ത്രിമാരുടെ സംഗമത്തില്‍ എത്തിയ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി തെക്കന്‍ഇറ്റലിയിലെ മതേരയില്‍ ആയിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം കോവിഡ് ഉള്‍പ്പെടെ പൊതുതാല്പര്യമുള്ള പ്രാദേശിക രാജ്യാന്തര വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി സൗദി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസ് പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച ഏറെ പ്രതീക്ഷയോടെയാണ് സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ കാണുന്നത്.