ചെങ്ങന്നൂര്‍: കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, മധ്യ തിരുവിതാംകൂറില്‍ മുഴുവന്‍ വേരുകളുള്ള സ്വകാര്യ സാമ്പത്തിക സ്ഥാപനം വന്‍ പ്രതിസന്ധിയില്‍. ചട്ടം മറി കടന്ന നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനത്തെ തകര്‍ത്തിരിക്കുന്നത് കോവിഡും ലോക്ഡൗണുമാണ്. കോടികളുടെ ആസ്ഥിയുളള സ്ഥാപനത്തിന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നിരവധി ശാഖകളുണ്ട്. മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്ന് നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
കോവിഡ് ഒന്നും രണ്ടും തരംഗവും ലോക്ഡൗണുമാണ് സാമ്പത്തിക മേഖല തകര്‍ത്തത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ബ്ലേഡ് കമ്പനികളെയാണ്. കൊള്ളപ്പലിശയ്ക്ക് നിക്ഷേപകരില്‍ നിന്ന് വാങ്ങിയ കോടികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് സ്ഥാപനങ്ങള്‍ നിക്ഷേപിച്ചിരുന്നത്. ഇതൊന്നും കൈമാറ്റം ചെയ്യാന്‍ കഴിയാതെയായി. സ്വര്‍ണപ്പണയങ്ങള്‍ കൂടുതലായി വന്നില്ല. നേരത്തേ വച്ചിരുന്നതിന്റെ പലിശയോ മുതലോ തിരികെ കിട്ടുകയും ചെയ്തില്ല. വരുമാനം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ തന്നെ നിക്ഷേപര്‍ക്ക് പലിശ മുടങ്ങാതെ നല്‍കേണ്ടിയും വന്നു. പത്തനംതിട്ട ജില്ലയില്‍ തറയില്‍, പോപ്പുലര്‍ എന്നീ ഫിനാന്‍സ് കമ്പനികള്‍ തകരുകയും മറ്റു ചിലത് തകര്‍ച്ച നേരിടുകയും ചെയ്യുന്നുവെന്ന വിവരം പുറത്തു വന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാനെത്തിയതും സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി.
വാഹന ഫിനാന്‍സിങ്, സ്വര്‍ണപ്പണയം എന്നിവയുടെ മറവില്‍ നിക്ഷേപം സ്വീകരിച്ചു കൊണ്ടിരുന്ന സ്ഥാപനത്തിന് അബദ്ധം പറ്റിയത് കോടികളുടെ മുക്കുപണ്ടം പണയമായി സ്വീകരിക്കേണ്ടി വന്നപ്പോഴാണ്. ആദ്യകാലങ്ങളില്‍ ഈ സ്ഥാപനത്തില്‍ അപ്രൈസര്‍മാര്‍ ഇല്ലായിരുന്നു. ഇതോടെ ജീവനക്കാര്‍ സ്വര്‍ണം പണയമായി സ്വീകരിച്ച് പണം നല്‍കുകയായിരുന്നു. മുക്കുപണ്ടം കൂടുതലായി സ്ഥാപനത്തില്‍ വന്നെന്ന് മനസിലാക്കിയതോടെ ഗോള്‍ഡ് അപ്രൈസര്‍മാരെ വച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് വന്നിരിക്കുന്നതില്‍ ഏറിയ കൂറും മുക്കുപണ്ടമാണെന്ന് മനസിലായത്.
മുക്കുപണ്ടം പണയം വച്ചവര്‍ക്കെതിരേ കേസിനൊന്നും സ്ഥാപന ഉടമകള്‍ പോയില്ല. പകരം, ഇത്തരക്കാരെ കണ്ടെത്തി അവരില്‍ നിന്ന് പണം തിരികെ ഈടാക്കാന്‍ ശ്രമിച്ചു. കൊടുക്കാന്‍ മടിച്ചവരോട് സ്ഥാവരജംഗമ വസ്തുക്കള്‍ എഴുതി വാങ്ങുകയും ചെയ്തു. ഇങ്ങനെ രാജകീയമായി സ്ഥാപനം നടത്തി വരുമ്പോഴാണ് കോവിഡ് മൂലമുള്ള പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ കിട്ടാക്കടം ഏറി. വായ്പ കൊടുത്തിരുന്ന പണത്തിന്റെ തവണകളും മുടങ്ങി. സ്ഥാപനം ഉടമകള്‍ വാങ്ങിയിട്ടിരുന്ന ഭൂമിയുടെ കച്ചവടവും നടന്നില്ല. വമ്പന്‍ പ്രതിസന്ധി അനുഭവപ്പെട്ടതോടെ ശാഖകള്‍ അടച്ചു പൂട്ടി. ജീവനക്കാരുടെ എണ്ണത്തിലും കുറവു വരുത്തിയിട്ടുണ്ട്.