തിരുവല്ല :കോന്നി വകയാറിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയാണ് അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്. പോപ്പുലര്‍ തകര്‍ന്ന് ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഇവരുടെ ബന്ധുക്കള്‍ നടത്തുന്ന പത്തനംതിട്ട തറയില്‍ ഫിനാന്‍സും പൊട്ടി. പോപ്പുലര്‍ ഉമടയെപ്പോലെ ഒളിവില്‍ പോയി നാടു മുഴുവന്‍ അലയാനൊന്നും തറയില്‍ ഫിനാന്‍സ് ഉടമ സജി സാം നിന്നില്ല. കഷ്ടിച്ച് ഒരാഴ്ച ഒളിവില്‍ കഴിഞ്ഞ ശേഷം അയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കോവിഡ് പ്രതിസന്ധിയാണ് തറയിലിനെ തകര്‍ത്തതിന് മുഖ്യകാരണമെങ്കില്‍ അതിനൊക്കെ മുന്‍പ് തകര്‍ന്നതാണ് പോപ്പുലര്‍ ഫിനാന്‍സ്. ഇതിന് കാരണമായത് പെണ്‍ഭരണം. പോപ്പുലര്‍ ഉടമ തോമസ് ദാനിയലില്‍ (റോയ്) നിന്നും ഭാര്യ പ്രഭ തോമസ്, മക്കളായ റിനു, റേബ എന്നിവര്‍ അധികാരം പിടിച്ചെടുത്തതോടെയാണ് പോപ്പുലറില്‍ പ്രതിസന്ധി രൂപം കൊണ്ടത്. മാനേജര്‍മാര്‍ക്ക് മേല്‍ ഇവര്‍ അധികാരം സ്ഥാപിച്ചു. പണമിടപാടുകളില്‍ ഇടപെടാന്‍ തുടങ്ങി.
കോന്നി വകയാറിലെ പോപ്പുലര്‍ ചിട്ടിഫണ്ട് പോപ്പുലര്‍ ഫിനാന്‍സ് ആക്കുകയും രാജ്യമെമ്പാടും ശാഖകള്‍ തുടങ്ങുകയും കോടികളുടെ ആസ്തി നേടാന്‍ പ്രാപ്തമാക്കുകയും ചെയ്തത് ഫെഡറല്‍ ബാങ്കില്‍ നിന്ന് വിആര്‍എസ് എടുത്ത ജോര്‍ജ് ചെറിയാന്‍ എന്ന മാനേജര്‍ ആയിരുന്നു. ആ മനുഷ്യന് കീഴിലാണ് പോപ്പുലര്‍ ഉന്നതിയിലേക്ക് പോയത്. ബാങ്കിങ് എന്തെന്ന് അറിയാവുന്ന ജോര്‍ജ് ചെറിയാന്‍ പോപ്പുലറിന് വേണ്ടി നിരന്തരം കഷ്ടപ്പെട്ടു. യാതൊരു ഹിഡണ്‍ അജണ്ടയുമില്ലാതെ സത്യസന്ധത മാത്രം കൈമുതലാക്കി നേരായ വഴിയിലൂടെയാണ് അദ്ദേഹം പോപ്പുലറിനെ മധ്യതിരുവിതാംകൂറിലെ പ്രമുഖമായ ധനകാര്യ സ്ഥാപനമാക്കി മാറ്റിയത്. മുത്തുറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടങ്ങി ഇന്ത്യയിലെ തന്നെ വമ്പന്‍ ധനകാര്യ സ്ഥാപനങ്ങളെ വരെ വെല്ലുവിളിച്ചു കൊണ്ട് പോപ്പുലര്‍ വളര്‍ന്നത് ജോര്‍ജ് ചെറിയാന്‍ എന്ന മാനേജരുടെ കീഴിലായിരുന്നു.
എല്ലാം ജോര്‍ജിനെ ഏല്‍പ്പിച്ച് വെറും മുതലാളിയായി മാത്രം ജീവിച്ചയാളാണ് തോമസ് ഡാനിയല്‍. പെണ്‍ബുദ്ധി പിന്‍ ബുദ്ധി എന്നു പറയുന്നതു പോലെ തോമസിന്റെ ഭാര്യ പ്രഭ കമ്പനി കാര്യങ്ങളില്‍ കൈകടത്താന്‍ തുടങ്ങിയതോടെ ജോര്‍ജ് ചെറിയാന് മടുപ്പു തുടങ്ങി. സ്ഥാപനത്തിന്റെ ആസ്ഥിയില്‍ നിന്ന് പണമെടുത്ത് മറ്റു പല ബിസിനസുകളിലേക്കും തിരിയുകയാണ് പ്രഭയും മൂന്നു പെണ്‍മക്കളും ചേര്‍ന്ന് ചെയ്തത്. ആദ്യമൊക്കെ ഇതേക്കുറിച്ച് ജോര്‍ജ് ചെറിയാന്‍ തോമസ് ഡാനിയലിനോട് പരാതി പറയുമായിരുന്നു. പിന്നീട് പെണ്‍ഭരണം മുറുകിയതോടെ ഒരു സുപ്രഭാതത്തില്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞു.
ഇതോടെ കമ്പനിയുടെ ശനിദശയും തുടങ്ങി. മിടുക്കരായ മാനേജര്‍മാരൊക്കെ കമ്പനി വിട്ടു. ഒറ്റയടിക്ക് എട്ടുു മാനേജര്‍മാര്‍ സ്ഥാപനം വിട്ടു. പിന്നെ പൂര്‍ണമായും പെണ്‍ഭരണമായിരുന്നു. വകമാറ്റിയ പണമൊക്കെ നഷ്ടമായതോടെ ബാധ്യത തുടങ്ങി. സ്ഥിരനിക്ഷേപം സ്വീകരിക്കുന്നിന് ആര്‍ബിഐ നിയന്ത്രണം കൂടിയായതോടെ തകര്‍ച്ച പൂര്‍ണമായി. പിന്നീട് ചതിയിലൂടെയും വിശ്വാസ വഞ്ചനയിലൂടെയും നാട്ടുകാരുടെ പണമൊക്കെ കൈക്കലാക്കുകയായിരുന്നു.
ജീവനക്കാര്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കിയതും നിലനില്‍പ്പിനായി ബ്ലേഡ് കമ്പനികളില്‍ നിന്ന് ഉടമ സജിസാം വന്‍തുക പലിശയ്ക്ക് എടുത്തതുമാണ് തറയില്‍ ഫിനാന്‍സിന്റെ തകര്‍ച്ചയിലേക്ക് വഴി തെളിച്ചത്.
സ്ഥാപനത്തിലെ ജീവനക്കാരെ അമിതമായി വിശ്വസിച്ചതാണ് ഒരു കാരണം. ഇവരില്‍ ചിലര്‍ സ്ഥാപനത്തില്‍ തിരിമറി നടത്തി. സജി സാം പൊലീസിന് നല്‍കിയ മൊഴിയിലും ഇതു പറഞ്ഞിരുന്നു. ഇല്ലാത്ത പണത്തിന് നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി അതിന് പ്രതിമാസം 12 ശതമാനം പലിശ വീതം തട്ടിയെടുത്തുവെന്നാണ് ഉടമയുടെ ഒരു മൊഴി. നിക്ഷേപം സ്വീകരിച്ചതായി രേഖകളില്‍ വരുത്തിയാണ് പലിശ ഇനത്തില്‍ വലിയ തുക കൈപ്പറ്റിയിരുന്നതത്രേ. ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ് സജി പിന്നീട് പിടികൂടി. എന്നിട്ടും തട്ടിപ്പ് നടത്തിയവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നില്ല. അവര്‍ക്ക് ഒരു അവസരം കൂടി നല്‍കുകയാണ് സജി സാം ചെയ്തത്.
കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കാന്‍ വേറെ മാര്‍ഗത്തിലൂടെ സജിക്ക് പണം കണ്ടെത്തേണ്ടി വന്നു. മാസം തോറും ലക്ഷങ്ങളാണ് നിക്ഷേപകര്‍ക്ക് നല്‍കേണ്ടിയിരുന്നത്. ഇതിനായി ബ്ലേഡ് പലിശയ്ക്കാണ് പണം കടമെടുത്തത്. നൂറിന് 10 രൂപ പലിശയ്ക്ക് അടൂര്‍, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിലുള്ള ബ്ലേഡ് മാഫിയകളില്‍ നിന്നാണ് പണം വാങ്ങിയത്. പറഞ്ഞ സമയത്ത് പണമോ പലിശയോ തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ ബ്ലേഡുകാര്‍ സജിയുടെ മൂന്നു കാറുകളും 20 സെന്റ് വസ്തുവും സ്വന്തം പേരിലാക്കിഅവരുടെ നഷ്ടം നികത്തി. ഇപ്പോഴും ഇവരില്‍ ചിലര്‍ക്ക് പണം കൊടുത്തു തീര്‍ക്കാനുണ്ട്.
അവരില്‍ നിന്നുള്ള ഭീഷണിയും സജിക്ക് നേരിടേണ്ടി വന്നു.
ഓമല്ലൂരിലുള്ള തറയില്‍ ഫ്യൂവല്‍സ് എന്ന പെട്രോള്‍ പമ്പ് സ്വന്തമായി നടത്തിക്കൊണ്ടു പോകാന്‍ ബാധ്യത അനുവദിക്കാതെ വന്നതോടെ അടുത്ത സുഹൃത്തിന് അത് പാട്ടത്തിന് കൊടുത്തു. സജിയുടെ മുന്‍ബാധ്യത സഹിതം അടച്ചു തീര്‍ത്താണ് സുഹൃത്ത് അത് നടത്തിക്കൊണ്ടു പോയത്. സജിയുടെ അറസ്റ്റോടെ പമ്പ് പൂട്ടുകയും ചെയ്തു. പാട്ടത്തിന് നടത്താന്‍ പമ്പ് ഏറ്റെടുത്തയാള്‍ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.