തിരുവല്ല: സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായ പാര്‍ട്ടിയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനം തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആശങ്കയിലായ നിക്ഷേപകരില്‍ ചിലര്‍ വിവരം പങ്കു വച്ചതോടെ ഇതു സംബന്ധിച്ച് പൊലീസ് രഹസ്യന്വേഷണ വിഭാഗവും ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചുവെന്ന് സൂചന. പ്രവാസികള്‍ അടക്കം നൂറുകണക്കിനാള്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഈ ധനകാര്യ സ്ഥാപനത്തില്‍ നടത്തിയിട്ടുള്ളത്. മുന്‍പ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കോന്നി വകയാറിലെ പോപ്പുലര്‍ ഫിനാന്‍സ്, പത്തനംതിട്ടയിലെ തറയില്‍ ഫിനാന്‍സ് എന്നിവ തകര്‍ന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ ഗൗരവമായി ഇക്കാര്യം എടുക്കാതിരുന്നതാണ് നിക്ഷേപകരെ ആത്മഹത്യയുടെ വക്കിലേക്ക് തളളി വിട്ടത്.
ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. സ്ഥാപന ഉടമ ഭരണത്തിലുള്ള കക്ഷിയുടെ നേതാവ് ആയതിനാല്‍ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയാലും നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറായേക്കില്ല. ഗുരുതരമായ പ്രതിസന്ധി സ്ഥാപനം അഭിമുഖീകരിക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നൂറ്റമ്പതോളം ശാഖകളാണ് സ്ഥാപനത്തിനുള്ളത്. ഇവിടെ എല്ലായിടത്തും ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായെന്ന് പറയുന്നു. ലക്ഷങ്ങളുടെ നിക്ഷേപം കൊണ്ടു വന്നാല്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്നതാണ് സ്ഥിതി. പല പ്രമുഖരുടെയും ലക്ഷങ്ങളും കോടികളും ഇവിടെ നിക്ഷേപമായിട്ടുള്ളത്. തങ്ങള്‍ക്ക് പ്രതിസന്ധിയില്ലെന്ന് ഉടമ പുറമേ നടിക്കുന്നു. ജില്ലാ ആസ്ഥാനത്ത് അടക്കമുള്ള ശാഖകള്‍ ചിലത് അടച്ചു പൂട്ടാനുള്ള നീക്കവും തുടങ്ങി. രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തകര്‍ന്നതോടെ വളരെ കരുതലോടെയാണ് സമുദായ നേതാവ് കൂടിയായ സ്ഥാപനം ഉടമ മുന്നോട്ട് പോകുന്നത്. വായ്പയെടുത്തും ആസ്തികള്‍ വിറ്റും പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
രഹസ്യാന്വേഷണ വിഭാഗവും ഇന്റലിജന്‍സും പത്തനംതിട്ട ജില്ലയില്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന മൂന്നു ധനകാര്യ സ്ഥാപനങ്ങളാണ് നിരീക്ഷിച്ചു വരുന്നത്. പ്രതാപകാലത്ത് കോടികള്‍ നിക്ഷേപമായി സ്വീകരിച്ച ഇവര്‍ക്കെല്ലാം കോവിഡ് ആണ് തിരിച്ചടി സമ്മാനിച്ചത്. തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് 3500 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് അറിയുന്നത്. ഇത് വകമാറ്റി റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റെല്‍, വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപിച്ചു. കോവിഡും പിന്നാലെ ലോക്ഡൗണും വന്നതോടെ നിക്ഷേപങ്ങള്‍ക്ക് പലിശ കൊടുക്കാനില്ലാത്ത അവസ്ഥയാണ്. മറ്റു സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ചയോടെ നിക്ഷേപകര്‍ തങ്ങളുടെ പണം മടക്കി കിട്ടണമെന്ന ആവശ്യവുമായി സമീപിക്കുകയും ചെയ്തു.
വന്‍ തുക പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. ഈ പണമൊക്കെ മറ്റു വ്യവസായ മേഖലകളിലേക്ക് മൂലധനമായി നിക്ഷേപിക്കുകയാണ് ഉടമ ചെയ്തത്. വന്‍ തുക നിക്ഷേപിച്ചവര്‍ കാലാവധി കഴിഞ്ഞ് പണം തിരികെ ചോദിച്ച് എത്തുന്നുണ്ട്. അങ്ങനെയുള്ളവരുടെ കൈയുംകാലും പിടിച്ച് പുതുക്കി ഇടാന്‍ ശ്രമിക്കുകയാണ് മാനേജര്‍മാര്‍. എല്ലാ ബ്രാഞ്ചിലും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ചെയ്തതു പോലെ കുറഞ്ഞ തുകയ്ക്ക് പലിശയ്ക്ക് എടുക്കുന്ന സ്വര്‍ണ ഉരുപ്പടികള്‍ കൂടിയ തുകയ്ക്ക് മറ്റ് ബാങ്കുകളില്‍ പണയം വച്ച് വായ്പ എടുത്തിട്ടുണ്ട്.
സാമ്പത്തിക നില തകര്‍ന്ന ഉടമ വായ്പയെടുക്കാന്‍ നെട്ടോട്ടമോടുകയാണ്. ഇതു സംബന്ധിച്ച വിവരങ്ങളും പത്തനംതിട്ടയില്‍ തകര്‍ച്ച നേരിടുന്ന മറ്റ് സ്ഥാപനങ്ങളുടെ കഥയും നാളെ…