ദമാം: കേരളസര്‍ക്കാറിന്റെ ടെലി മെഡിക്കല്‍ സംവിധാനമായ ഇ -സഞ്ജീവനിയില്‍ മലയാളികളായ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. പല വിദേശ രാജ്യങ്ങളിലും ചികില്‍സ ഏറെ ചിലവേറിയതാണ്. പ്രവാസികളെക്കൂടി ഇ സഞ്ജീവനിയില്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ വിദഗ്ധ ചികില്‍സ ലഭ്യമാകാന്‍ അതു സഹായകമാകും.
സ്ഥിരം മരുന്ന് കഴിക്കുന്ന നിത്യരോഗികളായ പല സാധാരണ പ്രവാസികളും നാട്ടില്‍ അവധിക്ക് പോയി മടങ്ങി വരുമ്പോള്‍ കൊണ്ടുവന്ന മരുന്നുകളാണ് ആശ്രയം. ഇതു തീര്‍ന്നാല്‍ നാട്ടിലെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാന്‍ കഴിയാറില്ല. ഇതു പോലെ ചില ഗ്രാമീണ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആശുപത്രി സൗകര്യങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരക്കാര്‍ക്ക് ഈ പദ്ധതി ഏറെ ഉപകാരപ്രദമാകുമെന്നും നവയുഗം പറഞ്ഞു.