നജ്റാന്‍: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ ഭൗതികശരീരം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. റിയാദിലെ ഇന്ത്യന്‍ എംബസിയുമായും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും അപകടത്തെ തുടര്‍ന്ന് ബന്ധപ്പെട്ടെന്നും തുടര്‍ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുകയാണെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണന്‍ കെ. നമ്പൂതിരി അറിയിച്ചു. നജ്റാനിലെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നജ്റാനിലെ സാമൂഹിക പ്രവര്‍ത്തകരും യുഎന്‍എ സൗദി മേഖലാ നേതൃത്വവും ശ്രമം നടത്തുന്നുണ്ട്.
ഇന്നലെ യാണ് നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ കോട്ടയം സ്വദേശിനി ഷിന്‍സി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയന്‍ എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചത്. പരുക്കേറ്റ മലയാളി നഴ്സുമാരായ സ്നേഹ, റിന്‍സി എന്നിവര്‍ നജ്റാന്‍ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. മലയാളിയായ ഡ്രൈവര്‍ അജിത് കിങ് ഖാലിദ് ആശുപത്രിയിലാണ് ചികില്‍സയില്‍ കഴിയുന്നത്. നഴ്സുമാര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.