ദമാം: കോവിഡ് വ്യാപന സാഹചര്യത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടറും മെഡിക്കല്‍ ഉപകരണങ്ങളും സ്വീകരിക്കുന്നതിന് ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് തര്‍കഷ് ബുധനാഴ്ച സൗദിയിലെ ദമാം തുറമുഖത്തെത്തി. കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ നിറച്ച ക്രയോജനിക് സിലിണ്ടറുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും സ്വീകരിക്കുന്നതിന് ഇന്ത്യന്‍ നാവിക സേനയുടെ ഓപറേഷന്‍ സമുദ്ര സേതു-2 ന്റെ ഭാഗമായാണ് കപ്പല്‍ എത്തിയത്. സൗദി തുറമുഖ അധികൃതരും കസ്റ്റംസ് ഉദ്യോഗസ്ഥരും ഇന്ത്യന്‍ എംബസി പ്രതിനിധികളും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
സൗദി അറേബ്യയില്‍ സാന്നിധ്യമുള്ള നിരവധി കമ്പനികള്‍ രണ്ടാം തരംഗം ഉയര്‍ത്തുന്ന കോവിഡ് വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. എല്‍ഫിറ്റ് അറേബ്യ, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ഗ്രൂപ്പ്, ഷാപൂജി പല്ലോന്‍ജി ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ സംഭാവന ചെയ്യുന്ന യഥാക്രമം 200, 100, 50 ഓക്‌സിജന്‍ സിലിണ്ടറുകളാണ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാമഗ്രികളാണ് ഈ ദൗത്യത്തില്‍ ഉള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും പുതിയ കയറ്റുമതിയില്‍ ആകെ 300 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും 6,360 ഓക്‌സിജന്‍ സിലിണ്ടറുകളും 250 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ആണ് സൗദി ഇന്ത്യയിലേക്ക് അയക്കുന്നത്.