റിയാദ്: ഇന്ത്യയില്‍ നിന്നു സൗദിയിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതിനൊപ്പം യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടുക കൂടി ചെയ്തതോടെ പ്രവാസികളുടെ യാത്രാ പ്രതിസന്ധി കടുക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഉടന്‍ അവിടെ എത്താനായില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നു പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇരുരാജ്യങ്ങളിലേക്കുമായി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് യാത്രക്കാരാണ് ടേക് ഓഫ് അനുമതി കാത്തിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മടങ്ങിയെത്തിയ 13.67 ലക്ഷം പ്രവാസികളില്‍ 60% പേരും സൗദി, യുഎഇ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ജോലിയില്‍ തുടരാന്‍ അവരില്‍ പലരും മടങ്ങിയെങ്കിലും ഇനിയുമേറെ പേര്‍ കാത്തിരിക്കുന്നു. സൗദിയിലേക്ക് ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയപ്പോള്‍ യുഎഇ വഴി സൗദിയില്‍ എത്തിയിരുന്നു. അതു നിര്‍ത്തിയതോടെ മാലദ്വീപ്, നേപ്പാള്‍, ബഹ്‌റൈന്‍ വഴിയായി യാത്രകള്‍. ആ വഴികളും അടഞ്ഞതോടെ, റഷ്യയിലൂടെ സൗദിയിലേക്കും ഉസ്ബക്കിസ്ഥാന്‍ വഴി ദുബായിലേക്കും യാത്രാ പാക്കേജുമായി എജന്‍സികള്‍ രംഗത്തുണ്ട്.
റഷ്യയിലൂടെ നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയിലെത്താന്‍ 2 ലക്ഷം രൂപയും ഉസ്ബക്കിസ്ഥാന്‍ വഴി ദുബായിലേക്ക് ഒരു ലക്ഷം രൂപയും ശരാശരി ചെലവു വരും. വിമാന ടിക്കറ്റുകള്‍ക്കു പുറമേ, ഓരോ സ്ഥലത്തെയും ക്വാറന്റീന്‍, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍കൂടി ഉള്‍പ്പെടെയാണിത്. വന്‍തുക നല്‍കി യാത്ര സാധ്യമാകാത്തതിനാല്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് കൂടുതല്‍ പേരും. കഴിഞ്ഞ ദിവസം യുഎഇ ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ക്കുള്ള യാത്രാ വിലക്ക് സൗദി നീക്കിയിട്ടുണ്ട്. അതില്‍ ഇന്ത്യയില്ല.
സൗദിയുടെ വിലക്കു നീങ്ങിയതിനാല്‍ യുഎഇയില്‍ നിന്നു സൗദിയിലേക്കു പോകാനാകും. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് യുഎഇ ജൂണ്‍ 30 വരെ നീട്ടിയതോടെ വീണ്ടും പ്രതിസന്ധിയായി. കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിച്ചുകൊണ്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാണു പ്രവാസികളുടെ ആവശ്യം.