മസ്‌കത്ത് :വിദേശികളുടെ വീസ നിരക്ക് വര്‍ധിപ്പിച്ച തൊഴില്‍ മന്ത്രാലയം ഉത്തരവ് ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. എട്ടു വിഭാഗങ്ങളിലാണു വീസ നിരക്ക് പരിഷ്‌കരിച്ചിരിക്കുന്നത്. പുതിയ വീസക്കും വീസ പുതുക്കുമ്പോഴും ഇനി മുതല്‍ പുതുക്കിയ നിരക്ക് ഈടാക്കും.
മുതിര്‍ന്ന അല്ലെങ്കില്‍ സീനിയര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്മന്റിന് 2001 റിയാലാണ് തൊഴില്‍ മന്ത്രാലയത്തില്‍ ഇനി അടയ്‌ക്കേണ്ടത്. മിഡില്‍ അല്ലെങ്കില്‍ മീഡിയം ലവല്‍ തസ്തികകളില്‍ 1001 റിയാലാണ് പുതിയ നിരക്ക്. ടെക്‌നിക്കല്‍ ആന്റ് സ്‌പെഷ്യലൈസ്ഡ് തസ്തികകളില്‍ വീസയ്ക്ക് 601 റിയാല്‍ ചെലവു വരും.
ഒന്നു മുതല്‍ മൂന്നു വരെ വീട്ടു ജോലിക്കാര്‍ക്ക് 141 റിയാലും നാലോ അതിന് മുകളിലോ വീട്ടു ജോലിക്കാരുടെ വീസക്ക് 241 റിയാലുമാണ് വീസയുടെ നിരക്ക്. മൂന്നു വരെ കര്‍ഷകര്‍ക്ക് അല്ലെങ്കില്‍ ഒട്ടക ബ്രീഡര്‍ക്ക് 201 റിയാലും നാലോ അതിന് മുകളിലോ 301 റിയാലും നിരക്ക് ഈടാക്കും. എന്നാല്‍, ഈ തസ്തികകളില്‍ പെടാത്ത വിഭാഗങ്ങളില്‍ വീസ നിരക്ക് 301 റിയാലില്‍ തുടരും.
തൊഴിലാളിയുടെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച് റിയാല്‍ വീതം നല്‍കണം. സ്വദേശിവത്കരണത്തേടൊപ്പം വീസ നിരക്ക് വര്‍ധന കൂടി വരുന്നതോടെ പ്രവാസികള്‍ക്കു തിരിച്ചടിയാകും. പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും നിലവിലെ ജീവനക്കാരുടെ വീസ പുതുക്കുന്നതിനും അധിക തുക ചെലവഴിക്കേണ്ടിവരും.