റിയാദ് :സൗദിയില്‍ എത്തുന്ന ജിസിസി പൗരന്മാരും പുതിയ വീസക്കാരും രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിനും സ്വീകരിക്കാണം. ഇവിടെ അംഗീകരിക്കപ്പെട്ട നാലു വാക്സീനുകളില്‍ ഫൈസര്‍, ആസ്ട്രാസെനിക്ക, മോഡേണ എന്നീ മൂന്നെണ്ണവും, രണ്ട് ഡോസ് കുത്തിവയ്പ് നടത്താതെ രാജ്യത്തേക്ക് പ്രവേശനം അനുവദില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.ജോണ്‍സണ്‍ ജോണ്‍സണ്‍ വാക്‌സീന്‍ ആണെങ്കില്‍ മാത്രം ഒരു ഡോസെടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ കൂടാതെ രാജ്യത്തേക്കു കടക്കാം. വാക്‌സീന്‍ സ്വീകരിച്ചവരായിരിക്കണം എന്നതിന് പുറമെ പൊതു ആരോഗ്യ വകുപ്പിന്റെ വിഖായ പോര്‍ട്ടലില്‍ കുത്തിവെയ്പ് സ്റ്റാറ്റസ് റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കൂടി അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഫൈസര്‍, ആസ്ട്രാസെനിക്ക, മോഡേണ എന്നിവ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്ക് ഈ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നതാണ് അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഇതോടെ ഈ മൂന്നു വാക്‌സിനുകളും ഒരു ഡോസ് എടുത്തവര്‍ രാജ്യത്ത് എത്തിയാല്‍ ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം സൗദി പൗരന്മാര്‍, സ്ഥിരതാമസക്കാരായ പ്രവാസികള്‍ എന്നിവര്‍ക്ക് ട്രാക്കിങ് ആപ്ലികേഷന്‍ ആയ ‘തവക്കല്‍നാ’യില്‍ പ്രതിരോധ ശേഷി നേടിയതായി സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടാല്‍ മതി. സൗദയില്‍ അംഗീകരിക്കപ്പെട്ട ഏതെങ്കിലും വാക്‌സിനുകള്‍ ഒരു ഡോസ് സ്വീകരിച്ചതിന് ശേഷം 14 ദിവസം പിന്നിടുക, വാക്സീനുകളില്‍ ഏതെങ്കിലും രണ്ടു ഡോസും സ്വീകരിക്കുക, ആറുമാസത്തിനിടക്ക് കോവിഡ് ബാധിച്ച് ഭേദമാകുക എന്നിവയാണ് ആപ്ലിക്കേഷനില്‍ പ്രതിരോധ ശേഷി ആര്‍ജിച്ചു (ഇമ്യുണ്‍) എന്ന സ്റ്റാറ്റസ് പ്രത്യക്ഷമാകനുള്ള മാനദണ്ഡം. ഇത് പ്രത്യക്ഷമാകാത്തവര്‍ സ്വദേശികളായിരുന്നാലും വിദേശികളായിരുന്നാലും ഏഴു ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.