റിയാദ്: ഇന്ത്യയില്‍ വെച്ച് കോവിഡ്19 ബാധിച്ച സ്വദേശി കുടുംബത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം പ്രത്യേക വിമാനത്തില്‍ വിജയകരമായി സൗദിയില്‍ എത്തിച്ചു. പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ആരോഗ്യ വിഭാഗം എയര്‍ മെഡിക്കല്‍ ഇവാക്യൂഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് സാധ്യമാക്കിയത്.
വൈറസ് പടരാതിരിക്കുന്നതിനുള്ള എല്ലാ തരം മുന്‍കരുതല്‍ നടപടികളും പൂര്‍ണമായി പാലിച്ചായിരുന്നു ദൗത്യം. റിയാദ് കിങ് സല്‍മാന്‍ വ്യോമസേനാ വിമാനത്തില്‍ ഇറങ്ങിയ സംഘം സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ സംഘത്തിനും വിമാന ജീവനക്കാര്‍ക്കും അണുബാധ ഏല്‍ക്കാതെ 74 ലധികം കോവിഡ് ബാധിച്ച കേസുകള്‍ ഇത്തരത്തില്‍ മെഡിക്കല്‍ എയര്‍ ഇവാക്യൂഷന്‍ വഴി സുരക്ഷിതമായി രാജ്യത്തെത്തിച്ചതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.