വയറു പൊട്ടിപ്പൊളയണ് ഉലക് കാക്കും ഉടയവരേ അന്തികരിക്കാടിക്കന്നം തായോ..: അടൂര്‍ എംഎല്‍എയോടാണ്, ചേന്നംപുത്തൂര്‍ കോളനിക്കാരാണ്

16 second read

ആറായിരം കോടിയുടെ വികസനം നടന്നുവെന്ന് എംഎല്‍എ അവകാശപ്പെടുന്ന മണ്ഡലത്തിലെ കാഴ്ചയാണിത്. പത്രപ്പരസ്യങ്ങളും വികസന ഫ്‌ളക്‌സുകളും കൊണ്ട് മോടി കൂട്ടി മറച്ചു വയ്ക്കാന്‍ ശ്രമിച്ച സത്യം. മോഡി പെട്രോളിന് വില കൂട്ടുന്നത് കക്കൂസ് നിര്‍മിക്കാനാണെന്ന് ആക്ഷേപിച്ച സഖാക്കന്മാരുടെ കണ്മുന്നിലാണ് ഈ ജീവിക്കുന്ന സത്യങ്ങള്‍ മറ നീക്കി പുറത്തു വരുന്നത്. ഇത് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ മണ്ഡലത്തിലെ ചേന്നംപുത്തൂര്‍ കോളനിയാണ്.

പള്ളിക്കല്‍ പഞ്ചായത്തിലാണ് ചേന്നംപുത്തൂര്‍ കോളനി. ഏതൊരാളുടെയും കണ്ണു നിറയ്ക്കും ഈ കാഴ്ചകള്‍. അടൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ബാബു ദിവാകരനാണ് കോളനിയുടെ ദുരിത കാഴ്ചകള്‍ പുറത്തു കൊണ്ടു വന്നിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ചില ഗ്രാമങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് കോളനിയുടെ അവസ്ഥയെന്ന് ബാബു ദിവാകരന്‍ പറയുന്നു. അവിടേക്ക് നോക്കി കുറ്റം പറഞ്ഞതിന് ശേഷം അധികാരത്തിന്റെ ശീതളിമയില്‍ മയങ്ങുന്ന വര്‍ ഈ കാഴ്ചകള്‍ കാണണമെന്ന് ബാബു ദിവാകരന്‍ അവതരിപ്പിക്കുന്ന വീഡിയോയില്‍ പറയുന്നു. ഏതു നിമിഷവും നിലം പൊത്താറായ വീടുകളാണ് ഇവിടെയുള്ളത്. നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. ആകെയുള്ളത് ഒരു കിണര്‍. അതിനുള്ളില്‍ നിന്ന് ലഭിക്കുന്ന വെള്ളം ശുദ്ധമല്ല. പൊട്ടിയൊലിക്കുന്ന രണ്ടു കക്കൂസില്‍ വേണം കോളനിയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍. ചോര്‍ന്നൊലിക്കുന്ന വീടുകള്‍, വിടവിലൂടെ അരിച്ചിറങ്ങുന്ന വിഷപ്പാമ്പുകള്‍. തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ മാത്രമാണ് ജനപ്രതിനിധികളും പാര്‍ട്ടിക്കാരും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നത്. അന്നേരം മോഹന സുന്ദരവാഗ്ദാനങ്ങളുടെ നീരൊഴുക്കാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജയിക്കുന്നവര്‍ ആസനത്തിലെ പൊടിയും തട്ടി സ്ഥലം വിടും. പിന്നെ ഇവരെ കാണുന്നത് അഞ്ചു വര്‍ഷത്തിന് ശേഷം.

ആറായിരം കോടിയുടെ വികസനം അടൂര്‍ മണ്ഡലത്തില്‍ നടത്തിയെന്നാണ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അവകാശ വാദം. ഇത് സ്ഥാപിച്ചെടുക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പത്രപ്പരസ്യം ചെയ്തു. നാടു നീളെ ഫ്‌ളക്‌സ് കെട്ടി വച്ചു. ലക്ഷങ്ങള്‍ മുടക്കി സോഷ്യല്‍ മീഡിയ പ്രമോഷന്‍ നടത്തി. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. പുറമേ, നിന്നു നോക്കുന്നവര്‍ക്ക് ചിറ്റയം വികസന നായകനാണ്. അവര്‍ ചേന്നംപുത്തൂര്‍ കോളനിയിലേക്ക് ചെല്ലണം. എന്നിട്ട് അവിടെ നിന്ന് പുറത്തേക്ക് നോക്കണം. എങ്കില്‍ മാത്രമേ അറിയൂ മണ്ഡലത്തില്‍ നടന്ന വികസനം. കാരണം, ഈ കോളനിയില്‍ കയറുന്നവര്‍ക്ക് കണ്ണു നിറയാതെ തിരിച്ചു പോകാന്‍ കഴിയില്ല. ഇത്തരമൊരു ദുരിതക്കാഴ്ച ഈ ഇന്ത്യാമഹാരാജ്യത്ത് മറ്റെങ്ങുമുണ്ടാകാന്‍ സാധ്യതയില്ല.

ഇത്തരം ഭീകരമായ കാഴ്ചകളെ പണക്കൊഴുപ്പിന്റെ മറ തീര്‍ത്ത് മറച്ചിരിക്കുകയാണ് അധികാരി വര്‍ഗം. എംഎല്‍എയുടെ വികസന വീമ്പിളക്കല്‍ പൊളിച്ച് അടുക്കുകയാണ് ബാബു ദിവാകരന്‍. സ്വന്തം പാര്‍ട്ടിക്ക് വോട്ടു തേടിയല്ല ബാബു ദിവാകരന്റെ ഈ യജ്ഞം. ഇത്തരം മനുഷ്യര്‍ ഇപ്പോഴും ഈ ആധുനിക യുഗത്തിലും കേരളത്തില്‍ ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കാന്‍ വേണ്ടിയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…