മസ്‌കത്ത്: ശക്തമായ മഴയില്‍ നിറഞ്ഞൊഴുകി ഒമാനിലെ വാദികള്‍. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതും റോഡിലേക്ക് വെള്ളമൊഴുകിയതും വിവിധ ഇടങ്ങളില്‍ ഗതാഗത കുരുക്കുനും ഇടവരുത്തി. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ശക്തമായ കാറ്റില്‍ ചിലയിടങ്ങളില്‍ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇബ്രിയില്‍ വീശിയടിച്ച കനത്ത കാറ്റ് മൂലം ഷെഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
ബഹ്ല വിലായത്തിലെ മസല, ഇസ്‌കിയിലെ വാദി സിമ, വാദി മസ്ദൂദ്, നിസ്വ, ഹര്‍മയിലെ വാദി ശമാ എന്നിവിടങ്ങളിലാണ് വാദികള്‍ നിറഞ്ഞൊഴുകിയത്. വാദിയില്‍ പെട്ട വാഹനങ്ങളെ അധികൃതരും സ്വദേശികളും ചേര്‍ന്ന് കരക്കടുപ്പിച്ചു. റായല്‍ ഒമാന്‍ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
ദങ്ക് വിലായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്നും നഗരസഭാ, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. ദങ്കില്‍ 53 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 36 മില്ലിമീറ്റര്‍ മഴ ലഭിച്ച ബുറൈമിയിലും 34 മില്ലിമീറ്റര്‍ മഴ ലഭിച്ച അല്‍ മദയുമയിലുമാണ് കൂടുതല്‍ മഴയുണ്ടായത്.