മസ്‌കത്ത് :ഒമാനില്‍ പ്രവാസികള്‍ക്ക് താത്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നു. നാല്, ആറ്, ഒമ്പത് മാസ കാലയളവുകളിലേക്ക് താത്കാലിക പെര്‍മിറ്റ് അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മഹദ് സഈദ് ബഊവിന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിദേശ തൊഴിലാളികളെ ജോലിക്ക് നിയമിക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തില്‍ മാത്രമാകും താത്കാലിക പെര്‍മിറ്റ് അനുവദിക്കുക.
ഉയര്‍ന്ന തസ്തികകളില്‍ നാല് മാസത്തേക്കുള്ള താത്കാലിക തൊഴില്‍ പെര്‍മിറ്റിന് 336 റിയാലും ആറ് മാസത്തിന് 502 റിയാലും ഒമ്പത് മാസത്തേക്ക് 752 റിയാലും ഈടാക്കും. മിഡില്‍ തസ്തികയില്‍ നാല് മാസത്തേക്ക് 169 റിയാലും ആറ് മാസത്തേക്ക് 256 റിയാലും ഒമ്പത് മാസത്തിന് 377 റിയാലും നല്‍കണം.
ടെക്നിക്കല്‍, സ്പെഷ്യലൈസ്ഡ് തസ്തികകളില്‍ നാല് മാസത്തേക്ക് 101 റിയാല്‍, ആറ് മാസത്തേക്ക് 121 റിയാല്‍, ഒമ്പത് മാസത്തേക്ക് 226 റിയാല്‍ എന്നിങ്ങനെയാണ് നിരക്കുകള്‍. മൂന്ന് മാസത്തിന് ശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരിക.