ഫിലഡല്‍ഫിയ: ‘ആവേമരിയ’ സ്തോത്രഗീതങ്ങളുടെയും, ജപമാലയര്‍പ്പണത്തിന്റെയും, രോഗശാന്തി പ്രാര്‍ത്ഥനകളുടെയും, ദൈവസ്തുതിപ്പു കളുടെയും, ‘ഹെയ്ല്‍ മേരി’ മന്ത്രധ്വനികളുടെയും ആത്മീയ പരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയസമാനമായ അന്തരീക്ഷത്തില്‍ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.
വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്റെ തിരുസ്വരൂപം സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പരിശുദ്ധകന്യാമറിയത്തിന്റെ ജനനത്തിരുനാളും, വേളാങ്കണ്ണിആരോഗ്യ മാതാവിന്റെ തിരുനാളും ഭക്തിപുരസ്സരം ആഘോഷിക്കപ്പെട്ടു. ഷിക്കാഗോ സെ.തോമസ് സീറോമലബാര്‍ രൂപതാ മുന്‍ വികാരിജനറാളൂം, മുന്‍മതബോധന ഡയറക്ടറും, എം. എസ്. റ്റി. സഭയുടെ അമേരിക്കയിലെ ഡയറക്ടറുമായ റവ. ഫാ. ആന്റണി തുണ്ടത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്‍, സീറോമലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് സെ. മേരീസ് ഇടവകവികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം, സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, ഹെര്‍ഷി മെഡിക്കല്‍ സെന്റര്‍ ചാപ്ലെയിനും, സെ. ജോവാന്‍ ഓഫ് ആര്‍ക്ക് പാരീഷിലെ റസിഡന്റ് പാസ്റ്ററുമായ റവ. ഫാ. ഡിജോ തോമസ് എം.എസ്.എഫ്.എസ്., എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
ഇംഗ്ലീഷ്, മലയാളം, സ്പാനീഷ്, ജര്‍മ്മന്‍, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാലപ്രാര്‍ത്ഥനയോടൊപ്പം നൈറ്റ്സ് ഓഫ് കൊളംബസിന്റെ അകമ്പടിയോടെ വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും, രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു.
2012 സെപ്റ്റംബര്‍ എട്ടിനു വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപം മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഘോഷപൂര്‍വം പ്രതിഷ്ഠിക്കപ്പെട്ടതിനുശേഷം തുടര്‍ച്ചയായി ആറാംവര്‍ഷമാണു വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷിക്കപ്പെടുന്നത്. വൈകുന്നേരം നാലുമണിക്കാരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ ഏഴുമണിവരെ നീണ്ടുനിന്നു.
സീറോമലബാര്‍ ഇടവകയിലെ സെ. മേരീസ് വാര്‍ഡു കൂട്ടായ്മ നേതൃത്വം നല്‍കിയ തിരുനാള്‍ ഇന്ത്യന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ കൂടിവരവിന്റെ മകുടോദാഹരണമായിരുന്നു. സീറോമലബാര്‍ യൂത്ത് കൊയര്‍ ആലപിച്ച മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. റവ. ജോണ്‍ മേലേപ്പുറം ദിവ്യബലിമധ്യേ തിരുനാള്‍ സന്ദേശം നല്‍കി. മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്‍ എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.
സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സെ. മേരീസ് വാര്‍ഡ് പ്രസിഡന്റ് ജയിംസ് കുരുവിള, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ വാര്‍ഡു കൂട്ടായ്മ തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തു.
വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്റെ നേതൃത്വത്തില്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു തിരുനാളിനു മുന്‍കൈയെടുത്തത്.
ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് സെ. മേരീസ് ഇടവകയില്‍ നിന്നും 150 ല്‍ പരം മരിയഭക്തര്‍ തീര്‍ത്ഥാടനമായി വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ തിരുനാളില്‍ പങ്കെടുത്തു. ഏകദേശം 700 ഓളം മരിയഭക്തര്‍ ഈ വര്‍ഷത്തെ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.