വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പിച്ച് ട്രംപ് ഭരണകൂടം. ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കും ഉപരോധമേര്‍പ്പെടുത്തി. ഒമ്പതുകമ്പനികളില്‍ കൂടി നിക്ഷേപം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് യുഎസിന്റെ നീക്കം.
കൊമാക്, ഷവോമി എന്നിവ അടക്കമുളള ഒമ്പതു കമ്പനികളെയാണ് പെന്റഗണിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. ഈ കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് യുഎസ് നിരോധിക്കും.
ആ കമ്പനികള്‍ പുതിയ യുഎസ് നിക്ഷേപ നിരോധനത്തിന് വിധേയമാക്കും, ഇത് 2021 നവംബര്‍ 11 നകം കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് നിരോധിക്കും. കരിമ്പട്ടികയില്‍ പെട്ട ഈ കമ്പനികളില്‍ നിന്ന് ഓഹരികള്‍ പിന്‍വലിക്കുന്നതിന് അമേരിക്കന്‍ നിക്ഷേപകര്‍ ഇതോടെ നിര്‍ബന്ധിതരാകും.
കൊമാക്, ഷവോമി എന്നീ കമ്പനികള്‍ക്ക് പുറമേ അഡ്വാന്‍സ്ഡ് ഫാബ്രിക്കേഷന്‍ എക്യുപ്മെന്റ് ഇന്‍കോര്‍പറേഷന്‍സ് ലുവോകുങ് ടെക്നോളജി കോര്‍പ്, ബീജിങ് ഷോങ്കുവാന്‍കുങ് ഡെവലപ്പ്മെന്റ് ഇന്‍വെസ്റ്റ്മെന്റ് സെന്റര്‍, ഗോവിന്‍ സെമികണ്ടക്ടര്‍ കോര്‍പ്, ഗ്രാന്‍ഡ് ചൈന എയര്‍ കോ ലിമിറ്റഡ്, ഗ്ലോബല്‍ ടോണ്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി കോ.ലിമിറ്റഡ്, ചൈന നാഷണല്‍ ഏവിയേഷന്‍ ഹോള്‍ഡിങ് ടോ ലിമിറ്റഡ് എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.