മസ്‌കത്ത് :ഒമാന്‍ കിരീടാവകാശിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ പുത്രനും സാംസ്‌കാരിക കായിക യുവജന മന്ത്രിയുമായ തയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരികിനെ പ്രഖ്യാപിച്ചു. ഒമാനില്‍ കിരീടാവകാശി നിയമിക്കുന്നത് സംബന്ധിച്ച് രാജകീയ ഉത്തരവ് തിങ്കളാഴ്ച സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ അധികാര കൈമാറ്റം സുഗമമാകുന്നതിനുള്ള വ്യവസ്ഥകളും തിങ്കളാഴ്ച പുറത്തിറക്കിയ 6/2021ാം നമ്പര്‍ രാജകീയ ഉത്തരവില്‍ പറയുന്നു.
സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഒമാനില്‍ കിരീടാവകാശി സംവിധാനം ഉണ്ടായിരുന്നില്ല. ഖാബൂസ് എഴുതിവച്ച കത്തിലെ പേര് അടിസ്ഥാനമാക്കിയാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനെ ഭരണാധികാരിയായി നിയമിച്ചത്.
സുഗമമായ അധികാര കൈമാറ്റത്തിന് പ്രത്യേക സംവിധാനവും പുതിയ അടിസ്ഥാന നിയമത്തിലുണ്ടാകും. മാത്രമല്ല, സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലെ പുരോഗതി സസൂക്ഷ്മം നിരീക്ഷിച്ച് വിലയിരുത്തുന്നതും നിയമത്തിന്റെ ഭാഗമാക്കും.