റിയാദ്: സൗദി അറേബ്യയിലും ബഹ്‌റൈനിലും പൊതുജനങ്ങള്‍ക്ക് കോവിഡ്19 വാക്‌സീന്‍ നല്‍കിത്തുടങ്ങി. സൗദിയില്‍ ഫൈസര്‍ കോവിഡ് വാക്‌സീന്‍ ആണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യ മന്ത്രി തൗഫീഖ് അല്‍റബീഅ ആദ്യ വാക്‌സീന്‍ സ്വീകരിച്ചു. ബഹ്‌റൈനില്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ സിനോഫാം വാക്‌സീന്‍ സ്വീകരിച്ചു. ഇരുരാജ്യങ്ങളിലും സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്‌സീന്‍ സൗജന്യമായിരിക്കും.
യുഎഇയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പൊതുജനങ്ങള്‍ക്ക് വാക്‌സീന്‍ ആരംഭിച്ചിരുന്നു. ഫൈസര്‍ വാക്‌സീന്റെ ആദ്യ ബാച്ച് രാജ്യത്ത് ഇറക്കുമതി ചെയ്തതായി അറിയിച്ചതിന് പിന്നാലെയാണ് സൗദി ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ ആദ്യ വാക്‌സീന്‍ സ്വീകരിച്ചത്. തുടര്‍ന്ന് സ്വദേശികളായ ഒരു പുരുഷനും സ്ത്രീക്കും വാക്‌സീന്‍ നല്‍കി വാക്‌സീനേഷന്‍ പ്രചാരണം ആരംഭിച്ചു.
വാക്‌സീന്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതായും താല്‍പര്യപ്പെടുന്ന എല്ലാവര്‍ക്കും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മേഖലകളിലുമായി 550 കേന്ദ്രങ്ങളിലൂടെയായിരിക്കും വാക്‌സീന്‍ വിതരണം. ഒന്നര ലക്ഷത്തിലേറെ പേരാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ താല്‍പര്യമറിയിച്ച് സഹ്വതീ എന്ന മൊബൈല്‍ ആപ്‌ളിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്തത്. വാക്‌സീന്‍ സൗജന്യമായാണ് നല്‍കുന്നതെങ്കിലും സ്വീകരിക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.