പത്തനംതിട്ട: കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ കണ്ടു വരുന്നത്. സൗമ്യ വധം, പെരുമ്പാവൂര്‍ ജിഷ വധം, ചന്ദ്രബോസ് കൊലക്കേസ്, കെവിന്‍ വധം തുടങ്ങിയ കേസുകളില്‍ വിധി ഒരു വര്‍ഷത്തിനുള്ളില്‍ വന്നു.
നടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടക്കുന്നു. ഉത്ര കൊലക്കേസില്‍ ഉടന്‍ വിചാരണ തുടങ്ങാന്‍ പോകുന്നു. പക്ഷേ, ഇതിനൊക്കെ മുന്‍പ് നടന്ന കരിക്കിനേത്ത് കാഷ്യര്‍ കൊലപാതക കേസ് ഇതു വരെ കോടതി വിചാരണയ്ക്ക് എടുത്തിട്ടില്ല. എന്തു കൊണ്ട് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്നില്ലെന്ന് ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതിന് പിന്നില്‍ വമ്പന്‍ അട്ടിമറിയാണുള്ളത്. ആരും ഇതിനെതിരേ പ്രതികരിക്കാത്തതാണ് കേസ് വിളിക്കാത്തതിന് കാരണമെന്നും പറയുന്നു.
കരിക്കിനേത്ത് ഉടമകള്‍ക്ക് മുന്നില്‍ നിയമവും മുട്ടുമടക്കുകയാണോ? പണം അപഹരിച്ചുവെന്ന് ആരോപിച്ച് കാഷ്യര്‍ ബിജു പി. ജോസഫിനെ കടയ്ക്കുള്ളിലിട്ട് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ അടൂര്‍ കരിക്കിനേത്ത് ഉടമ ജോസ്, സഹോദരന്‍ ജോര്‍ജ് എന്നിവര്‍ പ്രതികളായ കേസ് ഇതു വരെ വിചാരണയ്ക്ക് എടുത്തില്ല. നവംബര്‍ അഞ്ചിന് ഈ ക്രൂരമായ കൊലപാതകം നടന്നിട്ട് ഏഴു വര്‍ഷം തികയും. അതിന് മുന്‍പും ശേഷവുമുള്ള പ്രമാദമായ കൊലക്കേസുകളില്‍ എല്ലാം ഒരു കൊല്ലത്തിനുള്ളില്‍ വിധി വന്നപ്പോഴാണ് ഇത് ഇതു വരെ കോടതി പരിഗണിക്കാതിരിക്കുന്നത്. എന്തിനേറെ പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് നടന്ന ആറന്മുള ആംബുലന്‍സ് പീഡനക്കേസില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചു. ഏറ്റവും അടുത്തു തന്നെ വിചാരണ തുടങ്ങും. എന്തു കൊണ്ടാണ് കരിക്കിനേത്ത് ഉടമകള്‍ പ്രതികളായ കേസ് കോടതിയില്‍ വിളിക്കാതിരിക്കുന്നത്. ഇതിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ട്.
കോടതികളില്‍ കേസ് വിളിക്കുന്നത് വച്ച് താമസിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. നിയമസംവിധാനത്തെ ബഹുമാനിക്കുന്ന ഓരോ പൗരനെയും കളിയാക്കുന്നതാണ് കരിക്കിനേത്ത് കൊലക്കേസ് എന്നു പറയാതെ തരമില്ല. സാധാരണ മനുഷ്യന് നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനം തന്നെ നഷ്ടമാക്കുകയാണ് ഇത്തരം കേസുകള്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നീതിപീഠം തന്നെ തുറന്നു കാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
2013 നവംബര്‍ അഞ്ചിനാണ് പത്തനംതിട്ട കോളജ് റോഡിലെ കരിക്കിനേത്ത് സില്‍ക്സില്‍ കാഷ്യറായ ആനിക്കാട് സ്വദേശി ബിജു പി. ജോസഫ്(39) അതിക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടത്. അടൂര്‍ കരിക്കിനേത്ത് ഉടമ ജോസിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. ചവിട്ടിയും മര്‍ദിച്ചുമാണ് കൊല നടത്തിയത്. വയറിനും കഴുത്തിനുമിടയില്‍ ഏറ്റ മാരകമായ ക്ഷതങ്ങളാണ് മരണ കാരണമായത്. ആന്തരികാവയവങ്ങളായ കരള്‍, ശ്വാസകോശം എന്നിവ ഇടിയേറ്റ് ചതഞ്ഞു. രാത്രിയിലാണ് കൊല നടന്നത്. കടയില്‍ തന്നെയുള്ള ജീവനക്കാര്‍ ഇതിന് സാക്ഷികളുമായി. കടയില്‍ നിന്ന് കാണാതായ ഒന്നരലക്ഷം രൂപ എവിടെ ഒളിപ്പിച്ചുവെന്ന് പറയിപ്പിക്കാന്‍ വേണ്ടി മര്‍ദിക്കുന്നതിനിടയിലാണ് ബിജു മരിച്ചത്. മരിച്ച് രണ്ടു മണിക്കൂറിന് ശേഷമാണ് പോലീസില്‍ വിവരം അറിയിച്ചത്. ഈ സമയം കൊണ്ട് കൊലപാതകം നടന്ന സ്ഥലം കടയുടയും ജീവനക്കാരും ചേര്‍ന്ന് അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തുവത്രേ.
പിറ്റേന്ന് പുലര്‍ച്ചെ മുതല്‍ കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ പോലീസും കടയുടമയും ആരംഭിച്ചു. കടയ്ക്കുള്ളില്‍ ഉടമയുടെയും സഹോദരന്റെയും സാന്നിധ്യത്തിലായിരുന്നു ബിജു കൊല്ലപ്പെട്ടത്. അവരുടെ പണം കണ്ടെത്താന്‍, അവര്‍ പറഞ്ഞിട്ടാണ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ബിജുവിനെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ സാന്നിധ്യത്തില്‍ കടയ്ക്കുള്ളില്‍ വച്ചു തന്നെ മരണവും സംഭവിച്ചു. ഇതിന് ഒരാഴ്ച മുമ്പാണ് കടയുടമയുടെ മകളുടെ വിവാഹം പരുമലയില്‍ നടന്നത്. ഇതിന്റെ തിരക്കുള്ളതിനാല്‍ ഉടമയ്ക്കോ ഭാര്യയ്ക്കോ മക്കള്‍ക്കോ കടയിലെ വരവ് ചെലവ് കണക്ക് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരക്കുകള്‍ ഒഴിഞ്ഞതിന് ശേഷം കടയിലെ സ്റ്റോക്കും വരവും പരിശോധിച്ചപ്പോള്‍ ഒന്നരലക്ഷം രൂപയുടെ കുറവ് കണ്ടെത്തി. അടുത്തിടെ പുതുതായി കാഷ്‌കൗണ്ടറില്‍ എത്തിയ ബിജുവിനെയായിരുന്നു സംശയം. ഇയാളെക്കൊണ്ട് പണം എവിടെയാണെന്ന് പറയിക്കാന്‍ തിരഞ്ഞെടുത്തത് നവംബര്‍ അഞ്ചിന് രാത്രിയാണ്. അതിനായി ബിജുവിനെ കടയില്‍ തടഞ്ഞു വച്ചു. എത്ര ചോദിച്ചിട്ടും സത്യം പറയാതെ വന്നപ്പോള്‍ കടയുടമ അടൂരിലുള്ള ജോസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാള്‍ സ്വന്തം പജേറോ ജീപ്പില്‍ ഗുണ്ടകളുമായിട്ടാണ് എത്തിയത്. ഇവരാണ് ബിജുവിനെ ക്രൂരമായി മര്‍ദിച്ചത്.
പിന്നെയാണ് അട്ടിമറി മുഴുവന്‍ നടന്നത്. അന്ന് യുഡിഎഫ് ഭരണമാണ്. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രി. കേസ് അട്ടിമറിക്കാനുള്ള സകല നീക്കവും നടന്നത് ആഭ്യന്തരമന്ത്രിയുടെ ഓഫീസും കോട്ടയത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും കേന്ദ്രീകരിച്ചായിരുന്നു. ജോസിന്റെ ഡ്രൈവര്‍ അടക്കമുള്ളവരെ പ്രതികളാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ പത്തനംതിട്ട പൊലീസ് ശ്രമിച്ചു. ഡിഎൈസ്പിയായിരുന്ന ആര്‍ ചന്ദ്രശേഖരപിള്ള, പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍ മധുബാബു എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല. ഇവര്‍ കരിക്കിനേത്ത് ഉടമകളുടെ അഭിഭാഷകന്‍ പറയുന്ന തരത്തില്‍ കേസ് ഫ്രെയിം ചെയ്തു. എസ്ഐയായിരുന്ന മനുരാജ് മാത്രം ഇതില്‍ പങ്കു കൊള്ളാതെ മാറി നിന്നു. ഒരു സാധു കുടുംബത്തിന്റെ അത്താണിയായിരുന്നു ബിജു.
ഓണ്‍ലൈന്‍ വാര്‍ത്തകളിലൂടെ കരിക്കിനേത്ത് കൊലക്കേസ് നിന്നു കത്തി. സര്‍ക്കാരിന് പേരുദോഷം വരുമെന്ന മനസിലാക്കിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്വേഷണ ചുമതല ഐജി ഹേമചന്ദ്രനെ ഏല്‍പിച്ചു.
അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന പി വിമലാദിത്യയുടെ നേതൃത്വത്തില്‍ പുതിയ സംഘം രൂപീകരിച്ചു. ഡിസിആര്‍ബി ഡിവൈഎസ്പിയായിരുന്ന എന്‍ രാജേഷ്, പത്തനംതിട്ട എസ്ഐയായിരുന്ന മനുരാജ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. രാജേഷിന്റെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണം നടന്നു. നിരവധി സമ്മര്‍ദങ്ങള്‍ അന്വേഷണ സംഘത്തിനുണ്ടായി. കേസ് അട്ടിമറിയുടെ ഉസ്താദായ അഭിഭാഷകന്‍ ഇടപെട്ട് പ്രതിപ്പട്ടികയില്‍ മാറ്റത്തിന് ശ്രമിച്ചു. ജോസിന്റെ ഡ്രൈവറാണ് കൊലപാതകി എന്നു വരുത്താനുള്ള ശ്രമമായിരുന്നു. തന്നെ പിടിച്ച് അകത്തിടുമെന്ന് ഡിവൈഎസ്പി അഭിഭാഷകനെ അറിയിച്ചതോടെ അട്ടിമറി ശ്രമം നിലച്ചു. ജോസ് കരിക്കിനേത്ത്, പത്തനംതിട്ട കരിക്കിനേത്ത് ഉടമ ജോര്‍ജ് എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ജോസിനെ അറസ്റ്റ് ചെയ്തു. മാരകരോഗം ഉണ്ടെന്ന് പറഞ്ഞ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് ഒഴിവാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ തന്നെ വിചാരണ തുടങ്ങുന്നതിന് വേണ്ടി ഡിവൈഎസ്പി രാജേഷ് കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നതായിരുന്നു രാജേഷിന്റെ കണക്കു കൂട്ടല്‍. കരിക്കിനേത്തിലെ ജീവനക്കാരായിരുന്നു പ്രോസിക്യൂഷന്‍ സാക്ഷികളിലേറെയും. ജോസിന്റെ ഗുണ്ടായിസം നന്നായി അറിയാവുന്നവരാണ് ജീവനക്കാര്‍. ഇയാള്‍ പുറത്തു വന്നാല്‍ സാക്ഷികള്‍ക്ക് ജീവന് ഭീഷണിയാകുമെന്നും ഡിവൈഎസ്പി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, അന്വേഷണ സംഘത്തെ ഞെട്ടിച്ചു കൊണ്ട് ജോസ് അടക്കമുള്ള പ്രതികള്‍ ജാമ്യം നേടി പുറത്ത് ഇറങ്ങുന്നതാണ് കണ്ടത്. കസ്റ്റഡി വിചാരണ എന്ന ആവശ്യം പാടേ അട്ടിമറിക്കപ്പെട്ടു. പിന്നീടിതു വരെ ജോസിന് കോടതി കയറേണ്ടി വന്നിട്ടില്ല. കരിക്കിനേത്ത് ഉടമയ്ക്ക് വേണ്ടി എന്തു ചെയ്യാനും സിപിഎമ്മും കോണ്‍ഗ്രസും ഇപ്പോഴും തയാറാണ്. പൊലീസില്‍ ഒരു വലിയ വിഭാഗം ഇപ്പോഴും ഇയാള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നു. വെളിയില്‍ കറങ്ങി നടക്കുന്ന ജോസിന്റെ ഗുണ്ടായിസത്തിന് യാതൊരു കുറവുമില്ല. കഴിഞ്ഞ ജനുവരിയില്‍ കൈപ്പട്ടൂര്‍ ജങ്ഷനില്‍ വച്ച് ഒരു യുവാവിനെ ഇയാളും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നു. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനായിരുന്നു മര്‍ദനം. ലോക്ഡൗണ്‍ കാലത്ത് കിളിവാതില്‍ കച്ചവടം നടത്തിയതിന് അടൂര്‍ കരിക്കിനേത്ത് സില്‍ക്സിനെതിരേ കേസ് എടുത്തിരുന്നു. അന്നും ജോസിനെ ഒഴിവാക്കാന്‍ ശ്രമം നടന്നു.