‘ഇതാ ഇവിടെ വരെ’ 1977 ല്‍ പത്മരാജന്റെ രചനയില്‍ ഐവി ശശി സംവിധാനം ചെയ്ത സിനിമയായിരുന്നു. അതിന്റെ ഒരു പോസ്റ്റര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ജയഭാരതിയുമായി ലൈംഗിക ബന്ധം കഴിഞ്ഞ് സോമന്‍ അവര്‍ക്ക് അരികിലിരുന്ന ബീഡി കത്തിച്ചു വലിക്കുന്നതാണ് പോസ്റ്റര്‍. ജയഭാരതിയുടെ കഴുത്തിന് താഴെ മുതല്‍ തുടകള്‍ വരെ സോമന്റെ ശരീരം മറയ്ക്കുന്നു. പോസ്റ്റര്‍ കണ്ടാല്‍ പൂര്‍ണ നഗ്‌നയായ ജയഭാരതി കിടക്കുന്നു, സോമന്‍ അരികിലിരിക്കുന്നു എന്നേ തോന്നു. ആ പോസ്റ്റര്‍ കണ്ട് പടത്തിന് കയറിയവരാണ് പ്രേക്ഷകരില്‍ ഏറെയും. പിന്നീട് ഒരു അഭിമുഖത്തില്‍ ഐവി ശശി തന്നെയാണെന്ന് തോന്നുന്നു ഇങ്ങനെ പറഞ്ഞു. ആ പോസ്റ്ററില്‍ കാണുന്ന ചിത്രത്തില്‍ ജയഭാരതി പൂര്‍ണമായും വസ്ത്രം ധരിച്ചിട്ടുണ്ട്. പുറത്ത് കാണുന്ന ശരീരം ഭാഗം വസ്ത്രം ചുരുട്ടി വച്ചിരിക്കുകയാണ്. വസ്ത്രം ധരിച്ചിട്ടും ആ ആള്‍ പൂര്‍ണ നഗ്‌നയാണെന്ന് നമ്മള്‍ കാഴ്ചക്കാര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതൊരു സംവിധായകന്റെയും ഛായാഗ്രാഹകന്റെയും വിജയമാണ്.
അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍മീഡിയില്‍ വൈറലായ ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് കണ്ടപ്പോള്‍ ഈ പഴയ സോമന്‍-ജയഭാരതി സീന്‍ ആണ് ഓര്‍മ വന്നത്. ഭാര്യയും ഭര്‍ത്താവും വാഗമണ്‍ മൊട്ടക്കുന്നിലെ തണുപ്പില്‍ ബ്ലാങ്കറ്റും പുതച്ച് ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം പുറത്ത് കാണിച്ചു കൊണ്ട് ആടിപ്പാടുന്നു. മനോഹരമായ ചിത്രങ്ങള്‍. പ്രകൃതിഭംഗിയും യുവമിഥുനങ്ങളുടെ ലാസ്യഭാവവും കൊണ്ട് മികച്ചു നില്‍ക്കുന്നു. അതിനെതിരേയും അനുകൂലിച്ചും അഭിപ്രായ പ്രകടനം കൊഴുക്കുന്നു. സദാചാരവാദികള്‍ രഹസ്യമായി കണ്ടാസ്വദിച്ച് പരസ്യമായി തെറിവിളിക്കുന്നു. അനുകൂലികള്‍ ആസ്വാദനത്തോടൊപ്പം തന്നെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതേക്കുറിച്ച് ആ ദമ്പതികള്‍ തന്നെ പ്രതികരിച്ചു കണ്ടു. തന്റെ ഭാര്യയുടെ ശരീര ഭാഗങ്ങള്‍(പുറത്തു കാണിച്ചിട്ടുള്ളത്) മറ്റുള്ളവര്‍ കണ്ടാസ്വദിക്കുന്നതില്‍ അയാള്‍ക്ക് പ്രശ്നമില്ല. അയാളുടെ വീട്ടുകാര്‍ക്കും പ്രശ്നമില്ല. പിന്നെ ആര്‍ക്കാണ് പ്രശ്നം. ഇവിടുത്തെ സംഘികള്‍ക്കോ? അതോ സദാചാര വാദികള്‍ക്കോ? ഈ കുരുപൊട്ടലിന്റെ ആവശ്യമെന്താണ്? അതിനുള്ള മറുപടിയാണ് ഇനി പറയുന്നത്.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണ്? ബ്രിട്ടീഷുകാരുടെ സ്വാധീനം കൊണ്ടോ വിദ്യാഭ്യാസത്തിന്റെ കൂടുതല്‍ കൊണ്ടോ ആകാം ഏതൊരു സംസ്‌കാരത്തെയും നാം നമ്മിലേക്ക് വലിച്ച് അടുപ്പിക്കും. ഇങ്ങനെ മറ്റൊരു സംസ്‌കാരം സ്വാംശീകരിച്ച് എടുക്കുന്നതില്‍ ഒരു പരിണാമഘട്ടത്തിലായിരുന്നു ഇന്ത്യന്‍ സംസ്‌കാരം. ബ്രിട്ടീഷ് ആധിപത്യത്തില്‍ തുടങ്ങി, ഇംഗ്ലീഷ് വിദ്യാഭ്യാസം വഴി നമ്മള്‍ ലോകം കണ്ടു തുടങ്ങിയിട്ടിപ്പോള്‍ നാലു നൂറ്റാണ്ടായിട്ടുണ്ട്. അത് ആഴത്തില്‍ വേരൂന്നിയിട്ട് രണ്ടു നൂറ്റാണ്ട് കഴിഞ്ഞിട്ടുണ്ടാകണം. അതിന്റെ വികാസങ്ങളില്‍ പാശ്ചാത്യ മാതൃകകള്‍ നമ്മള്‍ സ്വീകരിക്കുന്നു. അതില്‍പ്പെട്ടതാണ് കാലം മാറിയപ്പോഴുള്ള വിവാഹചടങ്ങളുകളും സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുമൊക്കെ. ഇനിയിപ്പോള്‍ പ്രസവം വരെ ലൈവാക്കി കാണിക്കുന്നതിലേക്കാകും അടുത്ത പടി. ഇതൊക്കെ നാട്ടുകാര്‍ കണ്ടോട്ടെ എന്ന് ചിന്തിക്കുന്നയാളുടെ മനോനില നമ്മള്‍ എന്തിന് അളക്കാന്‍ പോണം. അയാള്‍ കാണിക്കട്ടെ നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ കാണണ്ട.
നമ്മുടെ സ്വത്വ സംസ്‌കാരത്തിലെ സദാചാര ബോധം എങ്ങനെ ഉണ്ടായിട്ടുള്ളതാണ്. വരേണ്യ വര്‍ഗത്തിന്റെ സംഭാവന തന്നെയാണത്. വയലില്‍ കുനിഞ്ഞ് നിന്ന് ഞാറു നടുന്ന ചെറുമിയുടെ സമൃദ്ധമായ നിതംബവും മാറിടവും കണ്ടാസ്വദിച്ചവര്‍ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ പുറത്തിറക്കാന്‍ അനുവദിക്കാതെ അന്തര്‍ ജനങ്ങളാക്കി മാറ്റി. ബ്രാഹ്മണ്യ, സവര്‍ണ മേധാവിത്വത്തില്‍ പുരുഷ മേല്‍ക്കോയ്മയുടെ കീഴില്‍ നീറിപ്പിടയുകയായിരുന്നു സ്ത്രീ സമൂഹം എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇവര്‍ ഉണ്ടാക്കിയ സദാചാര ബോധം ഒരു സമൂഹത്തിന് മേല്‍ ഒന്നാകെ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നതാണ് സത്യം. നമ്മുടെ പൂര്‍വികരായി ചെവിയില്‍ ഓതിത്തന്ന സദാചാര ബോധത്തിന്റെ സൂക്തങ്ങള്‍ നമുക്കുള്ളിലും അറിയാതെ ഒരു സദാചാരവാദിയെ സൃഷ്ടിച്ചു.
സംഘികള്‍ മാത്രമാണോ സദാചാര വാദികള്‍? ഒരിക്കലുമല്ല. അവരിലെല്ലാ ആള്‍ക്കാരുമുണ്ട്. സുഡാപ്പികള്‍, കമ്മികള്‍, കൊങ്ങികള്‍ തുടങ്ങി ന്യൂജെന്‍ ഓമനപ്പേരില്‍ വരുന്നവര്‍ എല്ലാം. വല്ലവന്റെയും ഭാര്യ മുലയും തുടയും കാണിച്ചാല്‍ സദാചാര വാദികള്‍ക്കെതിരേ ആഞ്ഞടിക്കുന്ന കോമ്രേഡ്സ് പക്ഷേ, സ്വന്തം വീട്ടില്‍ ആരെയും ആ നിലയില്‍ കാണിക്കില്ല. പകല്‍ സദാചാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുകയും രാത്രി മറ്റൊരു വീട്ടില്‍ സംബന്ധത്തിന് വരുന്നവനെ പിടികൂടി പൊതിരെ തല്ലുകയും ചെയ്യുന്ന മറ്റൊരു തരം കൂട്ടരുമുണ്ട്. ഇപ്പോഴത്തെ ഒരു ശരാശരി മലയാളിയുടെ കാര്യം എടുത്താല്‍ സംഘികള്‍ എതിര്‍ക്കുന്നത് എന്തോ അതിനെ അനുകൂലിക്കുക എന്നതാണ് ഒരു രീതി. സദാചാര സംരക്ഷകരായി മിക്കപ്പോഴും രംഗത്തു വരുന്നത് സംഘികളാണ്. അവരെ എതിര്‍ത്താല്‍ കേരളാ പൊതുസമൂഹം അംഗീകരിക്കും എന്നൊരു മിഥ്യാധാരണ പലര്‍ക്കുമുണ്ട്. അതു കൊണ്ടാണല്ലോ ചുംബന സമരവും നഗ്‌നതാ പ്രദര്‍ശനവുമൊക്കെ രാഹുല്‍ പശുപാലനെയും രശ്മി നായരെയും പോലുള്ളവര്‍ നടത്തി ആളാകുന്നത്. സദാചാരം വിളമ്പുന്ന ബിജെപിയുടെ ഐടി സെല്‍ വിദഗ്ധനെ ചൈല്‍ഡ് പോണോഗ്രാഫിക്ക് അറസ്റ്റ് ചെയ്തത് കഴിഞ്ഞയിടെയാണ്. ഫേസ് ബുക്കില്‍ നവദമ്പതികളുടെ ഫോട്ടോഷൂട്ട് കണ്ട് കമന്റ് ചെയ്തു കൊണ്ടിരിക്കുന്ന സദാചാരവാദി ഓപ്പണ്‍ ആക്കിയിട്ടിരിക്കുന്ന മറ്റൊരു വിന്‍ഡോ പോണ്‍ സൈറ്റിന്റേതാണ് എന്നു കൂടി അറിയുക.
അതു കൊണ്ട് തുണിയുടുത്ത് നടക്കുന്നവര്‍ അങ്ങനെയും തുണിയുടുക്കാന്‍ മനസില്ലാത്തവര്‍ അങ്ങനെയും നടക്കട്ടെ. നിങ്ങള്‍ക്ക് കണ്ടാസ്വദിക്കാം. അങ്ങനെ രഹസ്യമായി ആസ്വദിച്ച് പരസ്യമായി തെറി പറയരുത്. ആസ്വദിക്കുന്നവര്‍ ആത്മാര്‍ഥമായി അഭിപ്രായം പറയണം. ചിലപ്പോള്‍ അവര്‍ ഇതില്‍ കൂടുതല്‍ ഇനി കാണിച്ചെന്നിരിക്കും. ഇനി ശരിക്കും ബിരിയാണി കിട്ടിയാലോ?